കോവിഡ് ബാധിച്ചു മരിച്ച മെഡിക്കല്‍ ഓഫിസറുടെ മൃതദേഹം മാറി, തിരിച്ചറിഞ്ഞത് പാതി കത്തിയ ചിതയില്‍; സംസ്‌കാരം പൂര്‍ത്തിയാക്കിയത് മറ്റൊരു കുടുംബം

കോവിഡ് ബാധിച്ചു മരിച്ച മെഡിക്കല്‍ ഓഫിസറുടെ മൃതദേഹം മാറി, തിരിച്ചറിഞ്ഞത് പാതി കത്തിയ ചിതയില്‍; സംസ്‌കാരം പൂര്‍ത്തിയാക്കിയത് മറ്റൊരു കുടുംബം
ഹരിശ്ചന്ദ്ര ഘട്ട് (ഫയല്‍)
ഹരിശ്ചന്ദ്ര ഘട്ട് (ഫയല്‍)

വാരാണസി: കോവിഡ് ബാധിച്ചു മരിച്ച മെഡിക്കല്‍ ഓഫിസറുടെ മൃതദേഹത്തിനു പകരം കുടുംബത്തിനു നല്‍കിയത് മറ്റൊരാളുടെ ശരീരം. മൃതദേഹം മാറിയത് അറിയാതെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയ കുടുംബം പിഴവു തിരിച്ചറിഞ്ഞത് പാതി കത്തിയ ചിതയില്‍വച്ച്. ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് സംഭവം.

കോവിഡ് പിടിപെട്ടു മരിച്ച അഡീഷനല്‍ ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ജങ് ബഹാദൂര്‍ സിങ്ങിന്റെ മൃതദേഹത്തിനു പകരമാണ് മറ്റൊരു ശരീരം നല്‍കിയത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രി മോര്‍ച്ചറിയില്‍നിന്നാണ് പിഴവു വന്നത്.

മേഖലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലയുണ്ടായിരുന്ന ബഹാദൂര്‍ സിങ്ങിന് ഒരാഴ്ച മുമ്പാണ് രോഗം കണ്ടെത്തിയത്. ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം ചൊവ്വാഴ്ച രാത്രി മരിച്ചു. പിറ്റേന്നു തന്നെ കുടുംബത്തിന് മൃതദേഹം കൈമാറി. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊതിഞ്ഞ മൃതദേഹം കുടുംബാംഗങ്ങള്‍ തുറന്നുനോക്കിയിരുന്നില്ല.

ഹരിശ്ചന്ദ്ര ഘട്ടില്‍ എത്തി സംസ്‌കാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി ചിതയ്ക്കു തീകൊളുത്തിയപ്പോള്‍ മറ്റൊരു കുടുംബം മൃതദേഹത്തിന് അവകാശവാദം ഉന്നയിച്ച് എത്തുകയായിരുന്നു. ഘാസിപൂരില്‍നിന്നുള്ള കോവിഡ് ബാധിതന്റെ കുടുംബമാണ്, കത്തുന്ന ചിതയ്ക്കരികിലേക്ക് എത്തിയത്. തുടര്‍ന്ന് ചിതയില്‍വച്ചുതന്നെ മൃതദേഹം തുറന്നു പരിശോധിക്കുകയായിരുന്നു. ഘാസിപൂരിലെ രോഗിയുടേതാണ് ശരീരമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് ആ കുടുംബം സംസ്‌കാര ചടങ്ങു പൂര്‍ത്തിയാക്കി.

മെഡിക്കല്‍ ഓഫിസറുടെ കുടുംബം മോര്‍ച്ചറിയിലെത്തി പരിശോധിച്ചപ്പോഴാണാമ ശരീരം മാറിയ വിവരം അറിയുന്നത്. ഇരുവരുടെയും മൃതദേഹം അടുത്താണ് സൂക്ഷിച്ചിരുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് പൊതിഞ്ഞതിനാല്‍ വിട്ടുകൊടുക്കുമ്പോള്‍ പരിശോധന നടന്നില്ലെന്നാണ് മോര്‍ച്ചറി അധികൃതര്‍ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com