എഐഎഡിഎംകെയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കവുമായി പനീർസെൽവം

എഐഎഡിഎംകെയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കവുമായി പനീർസെൽവം
എഐഎഡിഎംകെയിൽ പൊട്ടിത്തെറി; മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള നീക്കവുമായി പനീർസെൽവം

ചെന്നൈ: തമിഴ്‌നാട്ടിൽ ഭരണ കക്ഷിയായ എഐഎഡിഎംകെയിൽ പൊട്ടിത്തെറി. നിയമസഭാ തെരഞ്ഞെടുപ്പിന് ഒൻപത് മാസം മാത്രം ബാക്കി നിൽക്കെയാണ് വിള്ളൽ മറനീക്കി പുറത്തു വന്നിരിക്കുന്നത്. ഉപ മുഖ്യമന്ത്രിയായ ഒ പനീർസെൽവത്തെ 2021ലെ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് പാർട്ടിയിൽ ചേരിതിരിവിന് വഴിയൊരുക്കിയിരിക്കുന്നത്. പനീർസെൽവത്തിന്റെ ജന്മനാടായ തേനിയിലാണ് ആദ്യം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഒപിഎസ് ജനങ്ങളുടെ മുഖ്യമന്ത്രിയാണെന്നും 2021CMforOPS എന്ന ഹാഷ്ടാഗും പോസ്റ്ററുകളിലുണ്ടായിരുന്നു. 

പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഒ പനീർസെൽവത്തിന്റേയും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടേയും വീടുകളിലേക്ക് തമിഴ്‌നാട്ടിലെ മുതിർന്ന മന്ത്രിമാരിൽ പലരും എത്തുകയും ചർച്ചകൾ സജീവമാക്കുകയും ചെയ്തു. പോസ്റ്ററുകൾ സംബന്ധിച്ച് മാധ്യമങ്ങളിൽ വാർത്ത വന്നതിന് പിന്നാലെ രാവിലെ 11 മണിയോടെ മുതിർന്ന മന്ത്രിമാർ പനീർസെൽവത്തിന്റെ വീട്ടിലെത്തി. ഒന്നര മണിക്കൂറോളം നീണ്ട ചർച്ചയ്ക്ക് ശേഷം മന്ത്രിമാർ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് നീങ്ങി. അവിടെ അരമണിക്കൂർ ചർച്ച. തിരിച്ച് വീണ്ടും ഒരു സംഘം മന്ത്രിമാർ പനീർസെൽവത്തിന്റെ വസതിയിലേക്കെത്തി. അതേ സമയം പരസ്യ പ്രതികരണത്തിന് മന്ത്രിമാർ ആരും തയ്യാറായില്ല. 

അതിനിടെ വൈകീട്ടോടെ പനീർസെൽവവും പളനിസ്വാമിയും സംയുക്ത പ്രസ്താവനയിറക്കി. നയപരമായ എല്ലാ തീരുമാനങ്ങളും ജനാധിപത്യപരമായി എടുക്കുമെന്ന് പ്രസ്താവനയിൽ അറിയിച്ചു. വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെക്കുന്നതിനെതിരെ പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

മുഖ്യമന്ത്രി സ്ഥാനാർഥിയെ സംബന്ധിച്ച് നേരത്തെ മന്ത്രിസഭയിൽ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കൂവെന്ന മന്ത്രി കെ സെല്ലൂർ രാജുവിന്റെ പ്രസ്താവനയെ തുടർന്നാണ് ഭിന്നത രൂപപ്പെട്ടത്. പളനിസ്വാമിയുടെ നേതൃത്വത്തിൽ മികച്ച മുന്നേറ്റമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും അതുകൊണ്ട് അദ്ദേഹം തന്നെ തെരഞ്ഞെടുപ്പിനെ മുന്നിൽ നിന്ന് നയിക്കുമെന്നാണ് മന്ത്രി കെടി രാജേന്ദ്ര ബാലാജി ഇതിനോട് പ്രതികരിച്ചത്.

അഴിമതി കേസിനെ തുടർന്ന് രണ്ട് തവണ സ്ഥാനമൊഴിഞ്ഞപ്പോഴും ജയലളിത പനീർസെൽവത്തെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരുന്നത്. ജയലളിതയുടെ മരണ ശേഷവും പനീർസെൽവം മുഖ്യമന്ത്രിയായി. പിന്നീട് ശശികല പാർട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും തുടർന്നുണ്ടായ നാടകീയ നീക്കങ്ങളും പാർട്ടിയിലെ പൊട്ടിത്തെറിയും മുഖ്യമന്ത്രി പദം പളനിസ്വാമിയിലേക്കെത്തിച്ചു വിമതനായി മാറിയ പനീർസെൽവം ശശികല ജയിലിലായതോടെ പാർട്ടിയിലേക്ക് തിരിച്ചെത്തി പളനിസ്വാമിക്കൊപ്പം ചേർന്ന് ഉപ മുഖ്യമന്ത്രി പദം ഏറ്റെടുക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com