സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ; മേയ്ക് ഇന്‍ ഇന്ത്യക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

ഇന്ത്യയുടെ പുരോഗതിയെ ലോകം ഉറ്റുനോക്കുന്നു. സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ എല്ലാം മറികടക്കാനാകും
സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യം ; മേയ്ക് ഇന്‍ ഇന്ത്യക്കൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി : രാജ്യത്തിനായി പോരാടിയവരുടെ ത്യാഗമാണ് ഇന്നത്തെ സ്വാതന്ത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലക്ഷക്കണക്കിന് രാജ്യസ്‌നേഹികളുടെ ത്യാഗത്തിന്റെ ഫലമാണിത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സ്വാതന്ത്യദിനം ആഘോഷിക്കുന്നത്. ഇച്ഛാശക്തി കൊണ്ട് രാജ്യം ഇതിനെ മറികടക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളും ഒരുമിച്ച് നിന്ന് നേരിടും. 74-ാം സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി

എല്ലാ കോവിഡ് പോരാളികള്‍ക്കും ആദരം അര്‍പ്പിക്കുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ രാജ്യത്തിന് നല്‍കുന്നത് മഹത്തായ സേവനമാണ്. ജീവന്‍ ബലി നല്‍കിയ എല്ലാ കോവിഡ് പോരാളികളുടെ കുടുംബങ്ങള്‍ക്കും നന്ദി അറിയിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രാജ്യത്തെ യുവാക്കളെ പ്രതിസന്ധിയിലാക്കി. യുവാക്കളാണ് രാജ്യത്തിന്റെ ശക്തിയും പ്രതീക്ഷയും. രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ യുവാക്കള്‍ക്ക് കരുത്തുണ്ട്. 

സ്വന്തം കാലില്‍ നില്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. തീരുമാനിച്ച് നടത്തിയെടുത്ത ചരിത്രമാണ് ഇന്ത്യയുടേത്. കോവിഡ് മഹാമാരിയുടെ ഈ കാലത്ത് ഇന്ത്യക്കാര്‍ സ്വാശ്രയത്വത്തിനുള്ള ദൃഢ നിശ്ചയം സ്വീകരിച്ചു. ആത്മ നിര്‍ഭര്‍ ഭാരത് എന്നതാണ് ഇന്ന് ഇന്ത്യ ചിന്തിക്കുന്നത്. ഈ സ്വപ്‌നം ഇന്നൊരു പ്രതിജ്ഞയായി മാറുകയാണ്. 130 കോടിവരുന്ന ഇന്ത്യക്കാരുടെ മന്ത്രമായി മാറുകയാണ് ആത്മനിര്‍ഭര്‍ ഭാരതമെന്നും മോദി പറഞ്ഞു.  

ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ല. മേയ്ക് ഇന്‍ ഇന്ത്യ എന്നതിനൊപ്പം, മേയ്ക് ഫോര്‍ വേള്‍ഡും ലക്ഷ്യമിടണം. ഉത്പാദനരംഗം മാറണം. ലോകത്തിന് വേണ്ടി ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കണം. അസംസ്‌കൃത വസ്തുക്കള്‍ കയറ്റി അയച്ച് ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍ പ്രോല്‍സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. സാമ്പത്തിക വികസനം മാത്രമല്ല ഇന്ത്യ ലക്ഷ്യമിടുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഗതി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഒരുകാലത്ത് ഭക്ഷ്യസുരക്ഷ നമുക്ക് വെല്ലുവിളിയായിരുന്നു. ഇന്ന് മറ്റു രാജ്യങ്ങളിലേക്കും നാം ഭക്ഷ്യവസ്തുക്കള്‍ കയറ്റി അയക്കുന്നു. 

ഇന്ത്യയുടെ പുരോഗതിയെ ലോകം ഉറ്റുനോക്കുന്നു. സ്വയം പര്യാപ്ത ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളികളെ എല്ലാം മറികടക്കാനാകും. രാജ്യത്തിന്റെ ശക്തിയില്‍ വിശ്വാസമുണ്ട്. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ ഇന്ത്യ എല്ലാ റെക്കോഡുകളും മറികടന്നു. വെട്ടിപ്പിടിക്കല്‍ നയത്തെ ഇന്ത്യ എല്ലാക്കാലത്തും എതിര്‍ത്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള ആക്രമണത്തെ അംഗീകരിക്കാനാകില്ല. അയല്‍ രാജ്യങ്ങളെയും കൂടെ നിര്‍ത്തിയാണ് ഇന്ത്യ മുന്നേറുന്നത്. പ്രകൃതി ദുരന്തത്തിലെ ഇരകള്‍ക്ക് എല്ലാ സഹായവും നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലായിരുന്നു ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്. വേദിയില്‍ നൂറില്‍ താഴെ മാത്രം അതിഥികളാണ് ഉണ്ടായിരുന്നത്. കസേരകള്‍ ആറടി അകലത്തിലാണ് ക്രമീകരിച്ചത്. ചടങ്ങ് കാണാന്‍ എതിര്‍വശത്ത് അഞ്ഞൂറിലധികം പേര്‍ക്ക് സൗകര്യം ഏര്‍പ്പെടുത്തി. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്മൃതികുടീരമായ രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. വൈകിട്ട് രാഷ്ട്രപതി നല്കുന്ന വിരുന്നിലും അതിഥികളുടെ എണ്ണം കുറച്ചിട്ടുണ്ട്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഡല്‍ഹിയില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com