'പരാജിതന്റെ പരാതി'- രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപി

'പരാജിതന്റെ പരാതി'- രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപി
'പരാജിതന്റെ പരാതി'- രാഹുൽ ​ഗാന്ധിക്ക് മറുപടിയുമായി ബിജെപി

ന്യൂഡൽഹി: രാജ്യത്ത് ഫെയ്സ്ബുക്കും വാട്സ്ആപ്പും നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്എസുമാണെന്ന കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി. രാഹുലിന്റെ പ്രസ്താവന പരാജയപ്പെട്ടവന്റെ പരാതിയാണെന്ന് കേ​ന്ദ്ര മന്ത്രി രവി ശങ്കർ പ്രസാദ് പരിഹസിച്ചു. ട്വിറ്ററിലിട്ട കുറിപ്പിലൂടെയാണ് മന്ത്രിയുടെ മറുപടി. 

'സ്വന്തം പാർട്ടിയിലെ ആളുകളെ പോലും സ്വാധീനിക്കാൻ കഴിയാത്ത പരാജിതൻ ലോകം മുഴുവൻ നിയന്ത്രിക്കുന്നത് ബിജെപിയും ആർ‌എസ്‌എസും ആണെന്ന് ഓർമ്മിപ്പിക്കുന്നു. കേംബ്രിഡ്ജ് അനലിറ്റിക്ക, ഫെയ്‌സ്ബുക്ക് എന്നിവയുമായുള്ള സഖ്യത്തിലൂടെ ഡാറ്റ ആയുധമാക്കി തെരഞ്ഞെടുപ്പ് സ്വാധീനിക്കാൻ ശ്രമിച്ചതിന് പിടിക്കപ്പെട്ടത് കോൺ​ഗ്രസാണ്. അവരാണ് ഇപ്പോൾ ഞങ്ങളെ ചോദ്യം ചെയ്യുന്നത്'- രവി ശങ്കർ പ്രസാദ് കുറിച്ചു. 

രാജ്യത്ത് ഫെയ്‌സ്ബുക്കിനെയും വാട്‌സാപ്പിനേയും നിയന്ത്രിക്കുന്നത് ബിജെപിയും ആർഎസ്എസുമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ ആരോപിച്ചിരുന്നു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രസ്താവന. ബിജെപി നേതാക്കളിൽ ചിലരുടെ വർഗീയ പരാമർശങ്ങളിൽ നടപടി സ്വീകരിക്കാതെ ഫെയ്‌സ്ബുക്ക് ഇന്ത്യയിലെ കമ്പനിയുടെ പ്രഖ്യാപിത നയങ്ങളിൽ വെള്ളം ചേർക്കുകയാണെന്ന അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. 

അവർ ഫെയ്‌സ്ബുക്കിലൂടെ വ്യാജ വാർത്തയും വിദ്വേഷവും പ്രചരിപ്പിക്കുകയണെന്നും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഫെയ്‌സ്ബുക്ക് ഉപയോഗിക്കുന്നുവെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ഒടുവിൽ ഒരു അമേരിക്കൻ മാധ്യമം ഫെയ്‌സ്ബുക്കിനെ കുറിച്ചുള്ള സത്യം പുറത്തുകൊണ്ടുവന്നിരിക്കുകയാണെന്നും രാഹൂൽ കൂട്ടിച്ചേർത്തു. ഇതുമായി ബന്ധപ്പെട്ട പത്രവാർത്തകളുടെ ചിത്രവും രാഹുൽ ട്വീറ്റ് ചെയ്തിട്ടുണ്ട്.

കലാപത്തിനു വരെ ഇടയാക്കിയേക്കാമെന്ന് വിലയിരുത്തപ്പെട്ട വർഗീയ പ്രസ്താവന നടത്തിയ ബിജെപിയുടെ തെലങ്കാന എംഎൽഎ രാജ സിങിനെതിരെ നടപടിയെടുക്കാൻ ഫേയ്സ്ബുക്ക് തയ്യാറായില്ലെന്നാണ് വാൾസ്ട്രീറ്റ് ജേർണലിന്റെ റിപ്പോർട്ട്. രാജ സിങിനെ ഫേയ്സ്ബുക്കിൽ നിന്ന് വിലക്കാതിരിക്കാൻ കമ്പനിയുടെ ഇന്ത്യയിലെ പോളിസി എക്സിക്യൂട്ടീവ് അൻഖി ദാസ് ഇടപെട്ടുവെന്നും വാൾസ്ട്രീറ്റ് ജേർണൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com