കാട്ടില്‍ നിന്നും 'ജംഗിള്‍ ബോയ്' പുറത്തിറങ്ങി, കാത്തുനിന്ന പൊലീസുകാര്‍ വളഞ്ഞു ; ചേസിംഗ്, വെടിവെയ്പ്പ്; കൊടും ക്രിമിനല്‍ പിടിയില്‍

ഇയാളുടെ തലയ്ക്ക് 25,000 രൂപ ഡല്‍ഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു
കാട്ടില്‍ നിന്നും 'ജംഗിള്‍ ബോയ്' പുറത്തിറങ്ങി, കാത്തുനിന്ന പൊലീസുകാര്‍ വളഞ്ഞു ; ചേസിംഗ്, വെടിവെയ്പ്പ്; കൊടും ക്രിമിനല്‍ പിടിയില്‍

ന്യൂഡല്‍ഹി : കൊടും ക്രിമിനലായ ജംഗിള്‍ ബോയ് രാംബാബു അറസ്റ്റിലായി. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലിന് ഒടുവിലാണ് ഡല്‍ഹി പൊലീസ് രാംബാബുവിനെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും പിസ്റ്റളും ഏതാനും തിരകളും പിടിച്ചെടുത്തു. 

ജംഗിള്‍ ബോയ് എന്ന പേരില്‍ അറിയപ്പെടുന്ന രാംബാബു കൊലപാതകം അടക്കം മൂന്നുകേസുകളിലെ പിടികിട്ടാപ്പുള്ളിയാണ്. ഇയാളുടെ തലയ്ക്ക് 25,000 രൂപ ഡല്‍ഹി പൊലീസ് ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 

കാടുകളില്‍ ഒളിച്ചിരുന്ന് 'ഓപ്പറേഷന്‍' ആസൂത്രണം ചെയ്യുന്നു എന്നതുകൊണ്ടാണ് ഇയാള്‍ക്ക് ജംഗിള്‍ബോയ് എന്ന വിളിപ്പേര് വീണത്. ഇന്നുരാവിലെ ഇയാള്‍ ഫരീദാബാദിലെ വനപ്രദേശത്തുനിന്നും സൈനിക് ഫാമിലേക്ക് കൂട്ടാളിയെ കാണാന്‍ എത്തുമെന്ന് രഹസ്യ വിവരം ലഭിച്ചു. 

മാരകായുധങ്ങള്‍ രാംബാബുവിന്റെ കൈവശം ഉണ്ടെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയുധങ്ങളും ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും ധരിച്ച് പൊലീസുകാര്‍ നിരീക്ഷണം ആരംഭിച്ചു. രാവിലെ എട്ടേകാലോടെ സ്ഥലത്തെത്തിയ രാംബാബുവിനെ കാത്തുനിന്ന പൊലീസുകാര്‍ വളഞ്ഞു. 

ഇതിനിടെ പൊലീസിനെ വെട്ടിച്ച് ഓടിയ രാംബാബു, പുറകേയെത്തിയ പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് പൊലീസും തിരിച്ച് വെടിവെച്ചു. ഇതിനിടെ പൊലീസ് സംഘം ഇയാളെ ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com