ബിജെപിയുടെ വിദ്വേഷ പ്രചാരണം; അന്വേഷണം ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസിന്റെ കത്ത്

ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്ന്‌ കെസി വേണുഗോപാല്‍
ബിജെപിയുടെ വിദ്വേഷ പ്രചാരണം; അന്വേഷണം ആവശ്യപ്പെട്ട് സക്കര്‍ബര്‍ഗിന് കോണ്‍ഗ്രസിന്റെ കത്ത്

ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളില്‍ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രചാരണങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നെന്ന ആരോപണത്തില്‍ അന്വേഷണം നടത്തണമെന്ന് ഫെയ്‌സ് ബുക്കിനോട് കോണ്‍ഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് കത്തയച്ചു.

ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവികള്‍ സ്വീകരിക്കുന്ന നയങ്ങളില്‍ ഉന്നതാധികാര സമിതി അന്വേഷിക്കണമെന്നും കെസി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

2014 മുതല്‍ ബിജെപി നേതാക്കളുടെതായി ഫെയ്‌സ്ബുക്കില്‍ വന്നിട്ടുള്ള വിദ്വേഷപോസ്റ്റുകളില്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് പരസ്യപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധി, ശശി തരൂര്‍ തുടങ്ങിയ നേതാക്കളും ഫെയസ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസും സിപിഎമ്മും വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം ഇന്ത്യയിലെ ഫെയ്‌സ്ബുക്ക് മേധാവി അങ്കി ദാസിനെതിരെ കേസെടുത്തു. റായ്പ്പൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. വര്‍ഗീയവിദ്വേഷ പ്രചരണങ്ങള്‍ക്ക് ഫെയ്‌സ്ബുക്ക് വേദിയൊരുക്കി എന്ന് ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. റായ്പ്പൂര്‍ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ അവേഷ് തിവാരി നല്‍കിയ പരാതിയിലാണ് കേസ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com