മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഈ യാചകന്‍ നല്‍കിയത് 90,000 രൂപ; ആദരിച്ച് ജില്ലാ കലക്ടര്‍

9 തവണയായി 90,000 രൂപ ഇദ്ദേഹം ജില്ലാ കലക്ടറെ എല്‍പ്പിക്കുകയായിരുന്നു 
മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസനിധിയിലേക്ക് ഈ യാചകന്‍ നല്‍കിയത് 90,000 രൂപ; ആദരിച്ച് ജില്ലാ കലക്ടര്‍

ചെന്നൈ: മുഖ്യമന്ത്രിയുടെ കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് മധുരയിലെ ഒരു യാചകന്‍ നല്‍കിയത് 90,000 രൂപ. മധുരൈ സ്വദേശിയായ പൂള്‍ പാണ്ഡ്യനാണ് വിവിധ ഘട്ടങ്ങളിലായി 90,000 രൂപ ജില്ലാ ഭരണകൂടത്തെ ഏല്‍പ്പിച്ചത്. ഇദ്ദേഹം നടത്തിയ മഹത് പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ആദരിച്ചു. 

മെയ് 18നാണ് പൂള്‍ പാണ്ഡ്യന്‍ ആദ്യതവണ സംഭാവനയായി പതിനായിരം രൂപ ജില്ലാകലക്ടറെ ഏല്‍പ്പിച്ചത്. പിന്നീട് എട്ട് തവണയായി എണ്‍പതിനായിരം രൂപ സംഭാവനയായി നല്‍കുകയായിരുന്നു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആദരിക്കേണ്ടവരുടെ പട്ടികയില്‍ ജില്ലാ കലക്ടര്‍ പൂള്‍ പാണ്ഡ്യന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ആ സമയത്തിനുള്ളില്‍ അദ്ദേഹത്തെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിരുന്നില്ല. 

ഒന്‍പതാമത് തവണ പതിനായിരം രൂപ സംഭാവനയായി നല്‍കാന്‍ ജില്ലാ ആസ്ഥാനത്ത് എത്തിയപ്പോള്‍ അധികൃതര്‍ പൂള്‍ പാണ്ഡ്യനെ കലക്ടറുടെ ചേമ്പറില്‍ എത്തിക്കുകയായിരുന്നു. അവിടെവച്ച് കലക്ടര്‍ ഇദ്ദേഹത്തെ ആദരിക്കുകയായിരുന്നു.

തൂത്തുക്കുടി സ്വദേശിയാണ് പൂള്‍ പാണ്ഡ്യന്‍. മക്കള്‍ ഉപേക്ഷിച്ചതോടെയാണ് ഇയാള്‍ ഭിക്ഷ യാചിക്കാന്‍ തുടങ്ങിയത്. അടുത്തിടെ സര്‍ക്കാള്‍ സ്‌കൂളിലേക്ക് മേശയും കസേരയും മറ്റ് സാധനങ്ങളും വാങ്ങുന്നതിനായി ഇദ്ദേഹം പണം സംഭാവനയായി നല്‍കിയിരുന്നു.ലോക്ക്ഡൗണ്‍ കാലത്ത് മധുരയില്‍ കുടുങ്ങിയ അദ്ദേഹം സര്‍ക്കാരിന്റെ അഭയകേന്ദ്രത്തിലായിരുന്നു താമസം. ലോക്ക്ഡൗണിന് ശേഷം ജനങ്ങളില്‍ നിന്ന് ദാനമായി ലഭിച്ച തുകയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com