സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ടു, താരത്തിന്റെ വീട്ടിലുമെത്തി; 'ഷാര്‍പ്പ് ഷൂട്ടര്‍' അറസ്റ്റില്‍

സല്‍മാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലും ഇയാളെത്തി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ : പ്രശസ്ത സിനിമാനടന്‍ സല്‍മാന്‍ ഖാനെ കൊല്ലാന്‍ പദ്ധതിയിട്ട ഗുണ്ടാ സംഘാംഗം അറസ്റ്റിലായി. കുപ്രസിദ്ധ കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘത്തില്‍പ്പെട്ടയാളാണ് ഫരിദാബാദ് പൊലീസിന്റെ പിടിയിലായത്. താരത്തെ കൊല്ലാന്‍ പദ്ധതിയിട്ട ഇയാള്‍ സല്‍മാന്റെ വീട്ടിലുമെത്തി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു. 

ലോറന്‍സ് ബിഷ്‌ണോയി ഗ്യാംഗില്‍പ്പെട്ട ഭിവാനി സ്വദേശിയായ ഷാര്‍പ്പ് ഷൂട്ടര്‍ രാഹുല്‍ എന്ന സങ്ക എന്ന സണ്ണി ( 27) ആണ് പിടിയിലായത്. ജൂണില്‍ ഫരിദാബാദ് സ്വദേശി പ്രവീണ്‍ എന്നയാളെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് അടുത്തതായി നടന്‍ സല്‍മാന്‍ ഖാനെയാണ് ലക്ഷ്യമിട്ടിരുന്നതെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. 

ജനുവരിയില്‍ രണ്ടു ദിവസത്തോളം രാഹുല്‍ മുംബൈയില്‍ നടന്റെ വീടിനടുത്ത് താമസിച്ചു. സല്‍മാന്റെ ബാന്ദ്രയിലെ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിലും ഇയാളെത്തി നിരീക്ഷണം നടത്തിയിരുന്നതായി പൊലീസ് പറയുന്നു. ലോറന്‍സ് ബിഷ്‌ണോയിയുടെയും സംഘാംഗം സമ്പത്ത് നെഹ്‌റയുടെയും നിര്‍ദേശപ്രകാരമാണ് മുംബൈയിലെത്തിയതെന്നും രാഹുല്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്നുള്ള സാഹചര്യത്തില്‍ നടനെ വധിക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോകുകയായിരുന്നു. 

സല്‍മാനെ കൊല്ലാന്‍ ശ്രമിച്ചതിന് 2018 ല്‍ സമ്പത്ത് നെഹ്‌റ പൊലീസ് പിടിയിലായിരുന്നു. ഈ കൊലപാതക ആസൂത്രണത്തിലും സമ്പത്ത് നെഹ്‌റയ്ക്ക് പങ്കുണ്ടെന്ന് ഡിസിപി രാജേഷ് ദുഗ്ഗല്‍ പറഞ്ഞു. നെഹ്‌റയെ ഹൈദരാബാദില്‍ നിന്നും പൊലീസ് പിടികൂടി. പ്രവീണ്‍ കൊലപാതവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 15 ന് ഉത്തരാഖണ്ഡില്‍ നിന്നാണ് ഷാര്‍പ്പ് ഷൂട്ടറായ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com