സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക്  ; മുംബൈ പൊലീസ് സഹകരിക്കണമെന്ന് സുപ്രീംകോടതി ; റിയ ചക്രവര്‍ത്തിക്ക് തിരിച്ചടി

കേസുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും സിബിഐക്ക് അന്വേഷിക്കാവുന്നതാണെന്ന് സുപ്രീംകോടതി
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തില്‍ അന്വേഷണം സിബിഐക്ക്  ; മുംബൈ പൊലീസ് സഹകരിക്കണമെന്ന് സുപ്രീംകോടതി ; റിയ ചക്രവര്‍ത്തിക്ക് തിരിച്ചടി

ന്യൂഡല്‍ഹി : സിനിമാതാരം സുശാന്ത് സിങ് രാജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. മുംബൈ പൊലീസ് സിബിഐ അന്വേഷണത്തോട് സഹകരിക്കണം. കേസ് ഫയലുകള്‍ അടക്കമുള്ള വിവരങ്ങള്‍ സിബിഐക്ക് കൈമാറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

ബിഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെ ചോദ്യം ചെയ്ത് സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഋഷികേശ് റോയിയുടെ ഉത്തരവ്. സുശാന്തിന്‍രെ പിതാവ് നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത ബീഹാര്‍ പൊലീസിന്റെ നടപടി നിയമപരമാണെന്ന് ഉത്തരവില്‍ കോടതി ചൂണ്ടിക്കാട്ടി.

ബീഹാര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേസ് സിബിഐക്ക് വിടണമെന്ന് ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. സുശാന്തിന്റെ മരണത്തിന് പിന്നില്‍ കാമുകിയയായ റിയ ചക്രവര്‍ത്തിയാണെന്നാണ് സുശാന്തിന്റെ കുടുംബം ആരോപിക്കുന്നത്.

സുശാന്തിനെ നടി റിയയും കുടുംബവും വഞ്ചിച്ചതായും മാനസികമായി പീഡിപ്പിച്ചതായും പിതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സുശാന്തിന്റെ അക്കൗണ്ടില്‍നിന്ന് കോടികള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറഞ്ഞിരുന്നു. പരാതിയിൽ ബീഹാർ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും, ബിഹാര്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിനായി ശുപാര്‍ശ ചെയ്യുകയുമായിരുന്നു. 

സുശാന്തിന്റെ പിതാവിന്റെ ഹർജി ശരിയാണെന്നും ബിഹാറിൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കാൻ സംസ്ഥാനത്തിന് സിബിഐയോട് ആവശ്യപ്പെടാമെന്നും സുപ്രീംകോടതി ഉത്തരവിൽ വ്യക്തമാക്കി. മുംബൈ പൊലീസ് ഇതുവരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്. ഇതുവരെ എഫ്‌ഐആര്‍ പോലും മുംബൈ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ റിയ ചക്രവര്‍ത്തിയുടെ റോള്‍ മനസിലാകുന്നില്ല. സാക്ഷിയോ പ്രതിയോ പരാതിക്കാരിയോ അല്ല. എന്നിട്ടും കേസ് മുംബൈയിലേക്കു മാറ്റണമെന്ന് അവര്‍ ആവശ്യപ്പെടുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com