അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; 40 മാസംകൊണ്ട് പൂര്‍ത്തിയാകും, ചെമ്പ് ഫലകങ്ങള്‍ സംഭാവന നല്‍കണമെന്ന് ട്രസ്റ്റ്

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു; 40 മാസംകൊണ്ട് പൂര്‍ത്തിയാകും, ചെമ്പ് ഫലകങ്ങള്‍ സംഭാവന നല്‍കണമെന്ന് ട്രസ്റ്റ്

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെന്ന് ശ്രീരാമ ജന്‍മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. 36-40 മാസം കൊണ്ട് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ട്രസ്റ്റ് വ്യക്തമാക്കി. 

ഇന്ത്യയുടെ പുരാതനവും പരമ്പരാഗതവുമായ നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ പാലിച്ചുകൊണ്ടാണ് ക്ഷേത്രം നിര്‍മ്മിക്കുന്നതെന്നും ട്രസ്റ്റ് വ്യക്തമാക്കി. ഭൂകമ്പം, കൊടുങ്കാറ്റ്, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവയെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാകും ക്ഷേത്രം. നിര്‍മ്മാണത്തിന് ഇരുമ്പ് ഉപയോഗിക്കില്ലെന്നും ട്രസ്റ്റ് പറയുന്നു. 

റൂര്‍ക്കി സി ബി ആര്‍ ഐയില്‍ നിന്നും മദ്രാസ് ഐ ഐ ടിയില്‍ നിന്നുമുള്ള എന്‍ജിനയര്‍മാര്‍ ക്ഷേത്ര ഭൂമിയിലെ മണ്ണ് പരിശോധന നടത്തിവരികയാണ്. 

കുറഞ്ഞത് ആയിരം വര്‍ഷമെങ്കിലും ക്ഷേത്രം കേടുപാടില്ലാതെ നിലനില്‍ക്കാന്‍ വേണ്ടി കല്ലുകള്‍ പരസ്പരം സംയോജിപ്പിക്കാന്‍ ചെമ്പ് ഫലകങ്ങള്‍ ഉപയോഗിക്കുമെന്നും ട്രസ്റ്റ് ട്വറ്ററിലൂടെ വ്യക്തമാക്കി. 

ചെമ്പ് ഫലകങ്ങള്‍ക്ക് 18 ഇഞ്ച് നീളവും 30 മില്ലീമീറ്റര്‍ വീതിയും 3 മില്ലീമീറ്റര്‍ വ്യാപ്തിയും ഉണ്ടായിരിക്കണം. 10,000 ചെമ്പ് ഫലകങ്ങള്‍ വേണ്ടിവരും. രാമഭക്തര്‍ ക്ഷേത്ര നിര്‍മ്മാണത്തിനായി ചെമ്പ് ഫലകങ്ങള്‍ സംഭാവന നല്‍കണമെന്നും ട്രസ്റ്റ് അഭ്യര്‍ത്ഥിച്ചു. 

ഈ ചെമ്പ് ഫലകങ്ങള്‍ നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് അതില്‍ തങ്ങളുടെ കുടുംത്തിന്റെയും കുടുംബ ക്ഷേത്രത്തിന്റെയും പേരുകള്‍ കൊത്തിവയ്ക്കാമെന്നും ട്രസ്റ്റ് കൂട്ടിച്ചേര്‍ത്തു. 

ഓഗസ്റ്റ് അഞ്ചിനാണ് രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ഭൂമി പൂജ നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിശില പാകിയാണ് ശിലാസ്ഥാപനം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com