പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാനാവില്ലെന്ന് കോടതി

ട്വീറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നതായ പ്രസ്താവന തിരുത്താന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിക്കുകയാണെന്ന് കോടതി
പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍; അംഗീകരിക്കാനാവില്ലെന്ന് കോടതി

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയ സീനിയര്‍ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷണെ ശിക്ഷിക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ജുഡീഷ്യറിയില്‍ അഴിമതിയുണ്ടെന്ന് ചില മുന്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ എജിയുടെ അഭിപ്രായം സ്വീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി.

പ്രശാന്ത് ഭൂഷന്റെ ശിക്ഷാവിധിയിലുള്ള വാദത്തിനിടെയാണ് അറ്റോര്‍ണി ജനറല്‍ നിലപാട് അറിയിച്ചത്. കോടതിക്കു മുന്നില്‍ ജനാധിപത്യം പരാജയപ്പെട്ടതായി മുന്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അറ്റോര്‍ണി ജനറല്‍ ജഡ്ജിമാരുടെ പേരുകള്‍ വായിക്കാനൊരുങ്ങിയപ്പോള്‍ കോടതി തടഞ്ഞു. ഈ ഘട്ടത്തില്‍ ഇത്തരം വാദങ്ങളിലേക്കു പോവാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വ്യക്തമാക്കി.

ട്വീറ്റുകളില്‍ ഉറച്ചുനില്‍ക്കുന്നതായ പ്രസ്താവന തിരുത്താന്‍ പ്രശാന്ത് ഭൂഷണ് സമയം അനുവദിക്കുകയാണെന്ന് കോടതി പറഞ്ഞു. പ്രസ്താവന തിരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ അറിയിച്ചു. കേസ് 24ന് വീണ്ടും പരിഗണിക്കും.

കോടതിയലക്ഷ്യത്തിന് കുറ്റക്കാരനെന്നു കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയില്ലെന്ന്, രാവിലെ പ്രശാന്ത് ഭൂഷണ്‍ അറിയിച്ചിരുന്നു. ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ജുഡീഷ്യറിയെ വിമര്‍ശിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതെന്നും അതു തന്റെ കടമയായി കരുതുന്നുവെന്നും കോടതിയില്‍ വായിച്ച പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതിയുടെ മഹിമ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് താന്‍ ശ്രമിച്ചതെന്നും അതിന്റെ പേരില്‍ കോടതിയലക്ഷ്യത്തിനു കുറ്റക്കാരനാക്കുന്നതില്‍ വേദനയുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ശിക്ഷിക്കപ്പെടും എന്നതിലല്ല താന്‍ വേദനിക്കുന്നത്, അതിയായി തെറ്റിദ്ധരിക്കപ്പെട്ടതിലാണ്. ഒരു തെളിവും മുന്നോട്ടുവയ്ക്കാതെ, താന്‍ ജുഡീഷ്യറിയെ നിന്ദയോടെ ആക്രമിച്ചു എന്നു കോടതി കണ്ടെത്തിയതില്‍ തനിക്കു നിരാശയുണ്ട്. ''സ്വമേധയാ നോട്ടീസ് അയക്കുന്നതിന് ആധാരമായ പരാതിയുടെ പകര്‍പ്പുപോലും എനിക്കു നല്‍കേണ്ട കാര്യമില്ലെന്നാണ് കോടതി തീരുമാനിച്ചത്. സത്യവാങമൂലത്തില്‍ ഞാന്‍ വ്യക്തതയോടെ പറഞ്ഞ കാര്യങ്ങളോടു പ്രതികരിക്കേണ്ടതില്ലെന്നും കോടതിക്കു തോന്നി.''- ഭൂഷണ്‍ പറഞ്ഞു.

തന്റെ ട്വീറ്റുകള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഈ സുപ്രധാനമായ തൂണിന്റെ അസ്ഥിവാരമിളക്കുന്നതാണെന്ന കോടതിയുടെ കണ്ടെത്തല്‍ വിശ്വസിക്കാന്‍ കഴിയാത്തതാണ്. ഒരു കാര്യം ഞാന്‍ പറയാം, ആ രണ്ടു ട്വീറ്റുകള്‍ എന്റെ അടിയുറച്ച ബോധ്യമാണ്, ഏതു ജനാധിപത്യവും അതു പറയാനുള്ള സ്വാതന്ത്ര്യം അനുവദിക്കേണ്ടതുണ്ട്.  ജുഡീഷ്യറിയുടെ ആരോഗ്യകരമായ പ്രവര്‍ത്തനത്തിന് പൊതുസമൂഹത്തിന്റെ പരിശോധനകള്‍ കൂടിയേ തീരൂ. ഭരണഘടനാക്രമം പരിപാലിക്കാന്‍ അത് ആവശ്യമാണ്.

''രാജ്യത്തിന്റെ ചരിത്രത്തിലെ ഈ ഘട്ടത്തില്‍ കര്‍ത്തവ്യ നിര്‍വഹകണത്തിനുള്ള എളിയ ശ്രമം മാത്രമാണ് എന്റെ ട്വീറ്റുകള്‍. വ്യക്തമായ ബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ചെയ്ത ട്വീറ്റുകളുടെ പേരില്‍ മാപ്പു പറയുന്നത് ആത്മാര്‍ഥതയില്ലായ്മയാവും'' ഭൂഷണ്‍ പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി വിചാരണയ്ക്കിടെ പറഞ്ഞതു തന്നെയാണ് തനിക്കു പറയാനുള്ളതെന്ന് പ്രശാന്ത് ഭൂഷണ്‍ കോടതിയില്‍ പറഞ്ഞു. ''ഞാന്‍ ദയ യാചിക്കില്ല, ഔദാര്യത്തിന് ഇരക്കില്ല. കോടതി കുറ്റകരമെന്നും ഞാന്‍ പൗരന്റെ ഉന്നതമായ ഉത്തരവാദിത്വമെന്നും കരുതുന്ന കാര്യത്തിന്റെ പേരില്‍ ഏതു ശിക്ഷയും സന്തോഷത്തോടെ സ്വീകരിക്കാന്‍ ഞാന്‍ തയാറാണ്''

ശിക്ഷാവാദം മറ്റൊരു ബെഞ്ചില്‍ കേള്‍ക്കണമെന്ന പ്രശാന്ത് ഭൂഷണന്റെ ആവശ്യം കോടതി തള്ളി. റിവ്യൂവില്‍ തീരുമാനമാവുന്നതുവരെ വാദം മാറ്റിവയ്ക്കണമന്ന ആവശ്യവും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അനുവദിച്ചില്ല. ശിക്ഷ പ്രഖ്യാപിച്ചാല്‍ റിവ്യൂവിനു ശേഷമേ നടപ്പാക്കൂ എന്ന് ബെഞ്ച് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com