'18 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 65 കാരി'; അന്വേഷണം

നിരവധി വയോധികമാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പ്രസവാനുകൂല്യങ്ങള്‍ തുടര്‍ച്ചായി ലഭിക്കുകയും ചെയ്യുന്നു.
'18 മാസത്തിനിടെ എട്ട് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി 65 കാരി'; അന്വേഷണം

മുസാഫര്‍പൂര്‍:  അറുപത്തിയഞ്ചുകാരിക്ക് പതിനെട്ടു മാസത്തിനിടെ പിറന്നത് എട്ടു കുഞ്ഞുങ്ങള്‍! ബിഹാര്‍ സര്‍ക്കാരിന്റെ രേഖകളിലാണ് ലീലാദേവി എന്ന വയോധിക അപൂര്‍വ ബഹുമതി നേടിയെടുത്തത്. ഇതിന്റെ വസ്തുത അന്വേഷിച്ചു ചെന്നവരാവട്ടെ, കണ്ടെത്തിയത് വന്‍ തട്ടിപ്പിന്റെ കഥ.

പ്രസവത്തിനായി ആശുപത്രികളില്‍ എത്തുന്നവരെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതിയുടെ ആനുകൂല്യം 'അടിച്ചുമാറ്റാന്‍' സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നടത്തുന്ന തട്ടിപ്പിന്റെ ഇരയാണ് ലീലാ ദേവി. നാഷനല്‍ മറ്റേണിറ്റി ബെനിഫിറ്റ് സ്‌കീം (എന്‍എംബിഎസ്) പ്രകാരം 1400 രൂപയാണ് ആശുപത്രികളില്‍ പ്രസവിക്കുന്നവര്‍ക്കു നല്‍കുക. സഹായിക്ക്  600 രൂപയും ലഭിക്കും. പ്രസവാനൂകുല്യമായി ലഭിക്കുന്ന തുക കഴിഞ്ഞയാഴ്ച അവരുടെ അക്കൗണ്ടിലെത്തി. ഇത് അന്വേഷിച്ചു ചെന്നപ്പോഴാണ് തന്റെ പേരില്‍ നടക്കുന്ന തട്ടിപ്പ് ലീലാ ദേവി അറിഞ്ഞത്.

''ഇരുപത്തിയൊന്നു വര്‍ഷമായി ഞാന്‍ പ്രസിവിച്ചിട്ട്. പിന്നെ എങ്ങനെയാണ് പ്രസവാനുകൂല്യം ലഭിക്കുക? അന്വേഷിച്ചു ചെന്നപ്പോള്‍ അവര്‍ പറഞ്ഞു, പണം തരാം, പരാതി നല്‍കരുതെന്ന്' - ലീലാദേവി പറയുന്നു. പതിനെട്ടു മാസത്തിനിടെ എട്ടു തവണ ഇങ്ങനെ ലീലാദേവിയുടെ അക്കൗണ്ടില്‍ പണം വന്നിട്ടുണ്ടെന്നാണ് പിന്നീട് വ്യക്തമായത്. അതെല്ലാം ആരോ പിന്‍വലിക്കുകയും ചെയ്തു.

എന്‍ബിഎംഎസ് പദ്ധതി പ്രകാരം അന്‍പത് വയസിന് മുകളിലുള്ള നിരവധി സ്ത്രീകളുടെ അക്കൗണ്ടില്‍ ഇത്തരത്തില്‍ പണം എത്തിയതായും പിന്‍വലിച്ചതായും കണ്ടെത്തി. ഇവരുടെ ഗ്രാമത്തിലെ തന്നെ 66 കാരി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയാതായും രേഖകളില്‍ കാണുന്നു. ബിഹാര്‍ പ്രസവാനൂകൂല്യപദ്ധതിയുടെ മറവില്‍ നടന്ന തട്ടിപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍.  ആധാറും ഫിംഗര്‍പ്രിന്റ് ഐഡന്റിഫിക്കേഷനും ഉണ്ടായിട്ടും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റമര്‍ സര്‍വീസ് പോയിന്റ്  ജീവനക്കാരനെ വിശദമായി ചോദ്യം ചെയ്യും. ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com