നിയന്ത്രണം മതകാര്യങ്ങള്‍ക്കു മാത്രമോ? സാമ്പത്തികമെങ്കില്‍ റിസ്‌ക് എടുക്കാമെന്നാണോ? വിമര്‍ശിച്ച് സുപ്രീം കോടതി

സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്‌കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ
നിയന്ത്രണം മതകാര്യങ്ങള്‍ക്കു മാത്രമോ? സാമ്പത്തികമെങ്കില്‍ റിസ്‌ക് എടുക്കാമെന്നാണോ? വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോവിഡ് നിയന്ത്രണങ്ങളില്‍ സാമ്പത്തിക താത്പര്യം ഉള്ള കാര്യങ്ങള്‍ക്ക് ഇളവ് അനുവദിക്കുകയും മതകാര്യങ്ങള്‍ക്കുള്ള വിലക്ക് തുടരുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് സുപ്രീം കോടതി. സാമ്പത്തിക കാര്യമാണെങ്കില്‍ റിസ്‌കെടുക്കാമെന്നും മതകാര്യമാണെങ്കില്‍ പറ്റില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാടന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ വിമര്‍ശിച്ചു.

മഹാരാഷ്ട്രയിലെ മൂന്ന് ജൈന ക്ഷേത്രങ്ങളില്‍ ആരാധന നടത്താന്‍ അനുമതി തേടിയുള്ള ഹര്‍ജിയുടെ വാദത്തിനിടെയാണ് ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം. ''സാമ്പത്തിക താത്പര്യമുള്ള എല്ലാ കാര്യങ്ങള്‍ക്കും ഇളവ് അനുവദിക്കുന്നത് അസാധാരണമായി തോന്നുന്നു. പണം ഉള്‍പ്പെട്ട കാര്യമാണെങ്കില്‍ റിസ്‌ക ആവാം എന്നാണ് നിലപാട്. മതകാര്യമാണെങ്കില്‍ കോവിഡ് എന്നു പറഞ്ഞ് അനുമതി നിഷേധിക്കുന്നു''- സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് പറഞ്ഞു.

ക്ഷേത്രങ്ങള്‍ തുറക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയ മഹാരാഷ്ട്രാ സര്‍ക്കാര്‍ നടപടിയില്‍ ഇടപെടാനില്ലെന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു പ്രവര്‍ത്തിക്കാമെന്ന ഹര്‍ജിക്കാരുടെ വാദം പരിഗണിച്ച് മൂന്നു ക്ഷേത്രങ്ങള്‍ തുറക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. എന്നാല്‍ ഈ വിധി മറ്റു ക്ഷേത്രങ്ങള്‍ക്കോ ആരാധനാലയങ്ങള്‍ തുറക്കുന്നതു സംബന്ധിച്ച് മറ്റു കേസുകള്‍ക്കോ ബാധകമല്ലെന്ന് കോടതി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com