അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടു, ഡല്‍ഹിയിലും യുപിയിലും സ്‌ഫോടന പരമ്പര ; ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍

ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
അയോധ്യയിലെ രാമക്ഷേത്രം തകര്‍ക്കാന്‍ പദ്ധതിയിട്ടു, ഡല്‍ഹിയിലും യുപിയിലും സ്‌ഫോടന പരമ്പര ; ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി : അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രദേശത്ത് ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പിടിയിലായ ഐഎസ് ഭീകരന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും തുടര്‍സ്‌ഫോടനങ്ങള്‍ നടത്താനാണ് സംഘടന പദ്ധതിയിട്ടതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി. ഡല്‍ഹി ദൗലാഖാന്‍ ഏരിയയില്‍ നിന്നുമാണ് അബ്ദുള്‍ യൂസഫ് ഖാന്‍ എന്ന ഐഎസ് ഭീകരനെ പൊലീസ് പിടികൂടിയത്. 

രാമക്ഷേത്ര നിര്‍മ്മാണം ഏതുവിധേനയും തടയുകയാണ് ലക്ഷ്യമിട്ടത്. അഫ്ഗാനിസ്ഥാനിലെ ഐഎസ് തീവ്രവാദിസംഘടനാ കമാണ്ടര്‍മാരുമായി ബന്ധപ്പെട്ടിരുന്നതായും, നിര്‍ദേശം ലഭിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തിയതായി പൊലീസ് സൂചിപ്പിച്ചു. ഇയാളുടെ പക്കല്‍ നിന്നും രണ്ട് പ്രഷര്‍കുക്കര്‍ ബോംബുകള്‍, സ്‌ഫോടനത്തിന് ഉപയോഗിക്കുന്ന 15 കിലോ രാസപദാര്‍ത്ഥങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്.

ഡല്‍ഹി പൊലീസിന് പുറമെ, ദേശീയ സുരക്ഷാ ഗാര്‍ഡുകളും ഇയാളെ ചോദ്യം ചെയ്തു വരികയാണ്. യുപി ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ഡല്‍ഹിയിലേക്ക് തിരിച്ചിട്ടുണ്ട്. ഐഎസ് ഭീകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ യുപിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ജില്ലകളില്‍ നിരീക്ഷണം കര്‍ശനമാക്കാന്‍ എസ്പിമാര്‍ക്ക് ഡിജിപി ഹിതേഷ് ചന്ദ്ര അവാസ്തി നിര്‍ദേശം നല്‍കി. 

രഹസ്യ വിവരത്തെത്തുടര്‍ന്നാണ് യുപി സ്വദേശിയായ അബ്ദുള്‍ യുസഫ് ഖാനെ ഡല്‍ഹിയില്‍ നിന്നും പൊലീസ് പിടികൂടുന്നത്. അപകടം മനസ്സിലാക്കിയ ഇദ്ദേഹം പൊലീസിന് നേര്‍ക്ക് വെടിയുതിര്‍ത്തു. പൊലീസും തിരിച്ച് വെടിവെച്ചു. ഏറ്റുമുട്ടലിനൊടുവില്‍ ഇയാളെ ഡല്‍ഹി പൊലീസ് കീഴ്‌പ്പെടുത്തുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com