രാജ്യത്ത് 73 ദിവസത്തിനകം കോവിഡ് വാക്സിന്‍; റിപ്പോര്‍ട്ടുകള്‍ തളളി സെറം

കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യത്ത്  73 ദിവസത്തിനകം കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുമെന്ന റിപ്പോര്‍്ട്ടുകള്‍ തളളി പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ. റിപ്പോര്‍ട്ട് പൂര്‍ണമായി വ്യാജമാണെന്നും ഊഹാപോഹമാണെന്നും കമ്പനി വ്യക്തമാക്കി.

ഓക്‌സ്ഫഡ് സര്‍വ്വകലാശാലയും ആസ്ട്ര സെനേകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഡ് വാക്‌സിനായ കോവിഷീല്‍ഡ് 73 ദിവസത്തിനകം ഇന്ത്യയില്‍ ലഭ്യമാക്കുമെന്ന് സെറം  ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.ഇതിനെ നിഷേധിച്ച് കൊണ്ടാണ് സെറം കമ്പനി രംഗത്തുവന്നത്.

കോവിഷീല്‍ഡ് ഉല്‍പ്പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തില്‍ നിന്ന് ലഭിച്ചത്. ഭാവിയെ മുന്നില്‍ കണ്ട് വാക്‌സിന്‍ സ്‌റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്‌സിന്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ കോവിഷീല്‍ഡിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉല്‍പ്പാദനം കമ്പനി ആരംഭിക്കും. എന്നാല്‍ വിവിധ അനുമതികള്‍ക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയില്‍ എത്തിക്കുകയുളളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിന്‍ ഫപ്രദമാണെന്ന് തെളിഞ്ഞാല്‍ മാത്രമേ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുളളൂവെന്നും സെറം വ്യക്തമാക്കി.

നിലവില്‍ വാക്‌സിന്‍ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ക്കായി ക്ലിനിക്കല്‍ ട്രയല്‍സ് രജിസ്ട്രറി ഓഫ് ഇന്ത്യയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുളള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ കമ്പനിക്ക് അനുമതി നല്‍കിയിട്ടുണ്ട്. ആരോഗ്യമുളള 1600 ആളുകളില്‍ വാക്‌സിന്‍ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com