പുതിയ പ്രസിഡന്റ് വരുമോ ?; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ; തിരക്കിട്ട ചര്‍ച്ചകള്‍

രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന് അസം, മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു
പുതിയ പ്രസിഡന്റ് വരുമോ ?; കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ; തിരക്കിട്ട ചര്‍ച്ചകള്‍

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. കോണ്‍ഗ്രസിന് സ്ഥിരം പ്രസിഡന്റ് വേണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തില്‍ ഇക്കാര്യം യോഗത്തില്‍ ചര്‍ച്ചയാകും. ഇടക്കാല അധ്യക്ഷ പദവി ഒഴിയുകയാണെന്ന് അടുത്ത അനുയായികളോട് സോണിയാഗാന്ധി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

കോണ്‍ഗ്രസിന് സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് മുതിര്‍ന്ന നേതാക്കള്‍ അടക്കം 23 ഓളം പേരാണ് കത്തിലൂടെ സോണിയയോട് ആവശ്യപ്പെട്ടത്. രാഹുല്‍ ഗാന്ധിയോ പ്രിയങ്കാ ഗാന്ധിയോ പ്രസിഡന്റ് പദം ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ ഗാന്ധി കുടുംബത്തിന് പുറത്തു നിന്നൊരാളെ അധ്യക്ഷനായി തെരഞ്ഞെടുക്കണമെന്നാണ് ആവശ്യം.

മുഴുവൻ സമയ അധ്യക്ഷനെ ഉടൻ തിരഞ്ഞെടുക്കണമെന്നത് അടക്കം പാർട്ടിയിൽ സമ്പൂർണ്ണ പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ്, ആനന്ദ് ശർമ, മുകുൾ വാസ്നിക്, ശശി തരൂർ തുടങ്ങിയ നേതാക്കന്‍മാരാണ് കത്ത് നൽകിയത്. നേതാക്കളുടെ നിർബന്ധത്തിന് വഴങ്ങി കഴിഞ്ഞവർഷമാണ് ഇടക്കാല അധ്യക്ഷ സ്ഥാനം സോണിയ ഗാന്ധി ഏറ്റെടുത്തത്. 

രാഹുൽ ഗാന്ധിയെയോ പ്രിയങ്ക ഗാന്ധിയെയോ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിയോഗിക്കണമെന്നാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൻമാരുടെ ആവശ്യം. രാഹുല്‍ വീണ്ടും അധ്യക്ഷനാകണമെന്ന് അസം, മഹാരാഷ്ട്ര പിസിസി അധ്യക്ഷന്‍മാര്‍ ആവശ്യപ്പെട്ടു. അധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ രാഹുലിന് കത്തയച്ചു. എന്നാൽ പ്രിയങ്കയും രാഹുലും ഈ ആവശ്യം അംഗീകരിക്കാൻ തയാറാകില്ലെന്നാണ് സൂചന.

പാര്‍ട്ടി ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ ഇത്തരത്തിലൊരു കത്ത് അനാവശ്യമെന്നാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിപ്രായപ്പെട്ടത്.  പുതിയ അധ്യക്ഷൻ വരുന്നത് വരെ സോണിയ തുടരണമെന്ന് നേതാക്കൾ യോഗത്തിൽ സമ്മർദം ചെലുത്തുമെന്ന് മുതിർന്ന നേതാവ് അശ്വിനി കുമാർ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com