പ്രതിസന്ധിയെത്തുടർന്ന് ശമ്പളം കുറച്ചു; വീട്ടുടമയെ കഴുത്തറുത്ത് കൊന്ന് കിണറ്റിൽ തള്ളി ; ബൈക്കും മൊബൈൽ ഫോണുമായി ജോലിക്കാരൻ 'മുങ്ങി', അറസ്റ്റ്

ക്ഷീരകർഷകനായ ഓംപ്രകാശിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു തസ്ലീം
പ്രതിസന്ധിയെത്തുടർന്ന് ശമ്പളം കുറച്ചു; വീട്ടുടമയെ കഴുത്തറുത്ത് കൊന്ന് കിണറ്റിൽ തള്ളി ; ബൈക്കും മൊബൈൽ ഫോണുമായി ജോലിക്കാരൻ 'മുങ്ങി', അറസ്റ്റ്

ന്യൂഡൽഹി:  കോവിഡും ലോക്ക്ഡൗണും കാരണം സാമ്പത്തികപ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ശമ്പളം കുറച്ചതിൽ പ്രകോപിതനായി ജോലിക്കാരൻ വീട്ടുടമയെ കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് വെസ്റ്റ് ഡൽഹിയിൽ നിന്നും പിടികൂടി. ഡൽഹി സ്വദേശി ഓംപ്രകാശിനെ(49)യാണ് ജോലിക്കാരനായ ഉത്തർപ്രദേശ് സ്വദേശി തസ്ലീം(21) കൊലപ്പെടുത്തിയത്. ഓഗസ്റ്റ് രണ്ടാംവാരമായിരുന്നു സംഭവം. 

ക്ഷീരകർഷകനായ ഓംപ്രകാശിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു തസ്ലീം. മാസം 15,000 രൂപയായിരുന്നു ശമ്പളം. എന്നാൽ ലോക്ക്ഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായതോടെ ശമ്പളം കുറയ്ക്കുമെന്ന് ഓംപ്രകാശ് പറഞ്ഞതാണ്  തർക്കത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചത്.
ഓംപ്രകാശ് ഉറങ്ങുന്നതിനിടെ വടി കൊണ്ട് തലയ്ക്കടിച്ചു. പിന്നാലെ കത്തി കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തി. ശേഷം മൃതദേഹം ചാക്കിൽക്കെട്ടി വീട്ടുവളപ്പിലെ കിണറ്റിൽ തള്ളുകയായിരുന്നു.

പിന്നാലെ വീട്ടുടമയുടെ ബൈക്കും മൊബൈൽ ഫോണും കൈക്കലാക്കി തസ്ലീം രക്ഷപ്പെടുകയായിരുന്നു. ഓംപ്രകാശ് ബിസിനസ് ആവശ്യങ്ങൾക്കായി ഒരിടത്തേക്ക് പോയെന്നാണ് ഇയാൾ ബന്ധുക്കളോട് പറഞ്ഞത്. രണ്ട്ദിവസമായിട്ടും ഓംപ്രകാശിനെക്കുറിച്ച് വിവരമില്ലാതായതോടെയാണ് ഇദ്ദേഹത്തിന്റെ സഹോദരീപുത്രൻ പൊലീസിൽ പരാതി നൽകിയത്. കിണറ്റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽക്കാർ പറഞ്ഞതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്. 

രക്ഷപ്പെട്ട പ്രതിക്കായി ഉത്തർപ്രദേശിലും ഹരിയാനയിലുമെല്ലാം പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതി തന്ത്രപൂർവം രക്ഷപ്പെട്ടു. കഴിഞ്ഞദിവസം ഡൽഹിയിലെത്തിയ പ്രതിയെ പൊലീസ് സംഘം തന്ത്രപൂർവം വളഞ്ഞ് പിടികൂടുകയായിരുന്നു. ശമ്പളത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഓംപ്രകാശ് തന്റെ മുഖത്തടിച്ചെന്നും ഇതോടെ വീട്ടുടമയെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നുമാണ് പ്രതിയുടെ മൊഴി. 
ഓംപ്രകാശിന്റെ മൊബൈൽ ഫോണും മറ്റു രേഖകളും പ്രതിയിൽനിന്ന് കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇയാളിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com