പ്രശാന്ത് ഭൂഷണ് നിലപാടു മാറ്റാന്‍ അര മണിക്കൂര്‍ സമയം, സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

മാപ്പു പറയാന്‍ തയാറല്ലാത്തയാളെ താക്കീത് ചെയ്തിട്ട് എന്തു കാര്യമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര
പ്രശാന്ത് ഭൂഷണ് നിലപാടു മാറ്റാന്‍ അര മണിക്കൂര്‍ സമയം, സുപ്രീം കോടതിയില്‍ നാടകീയ രംഗങ്ങള്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ നിലപാടു മാറ്റാന്‍ പ്രശാന്ത് ഭൂഷണ് അര മണിക്കൂര്‍ സമയം നല്‍കുകയാണെന്ന് സുപ്രീം കോടതി. അര മണിക്കൂര്‍ നേരത്തേക്ക് വാദം കേള്‍ക്കല്‍ നിര്‍ത്തിവയ്ക്കുകയാണെന്നും അതിനകം നിലപാടില്‍ പുനപ്പരിശോധന നടത്താനും ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് നിര്‍ദേശിച്ചു. പ്രശാന്ത് ഭൂഷണെതിരായ നടപടികള്‍ അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍ ആവശ്യപ്പെട്ട പശ്ചാത്തലത്തിലാണ് ബെഞ്ചിന്റെ  നിര്‍ദേശം.

സുപ്രീം കോടതിയില്‍ ജനാധിപത്യം പരാജയപ്പെട്ടതായി മുന്‍ ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന്, നേരത്തെ എജി കെകെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ജുഡീഷ്യറിയിലെ അഴിമതിയെക്കുറിച്ച് പറഞ്ഞ സുപ്രീം കോടതി മുന്‍ ജഡ്ജിമാരുടെ പട്ടിക തന്റെ പക്കലുണ്ടെന്നും എജി അറിയിച്ചു. കോടതിയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തുക എന്നതാണ് അവരെല്ലാം ഉദ്ദേശിച്ചിട്ടുള്ളത്. ഈ കേസില്‍ കോടതി പ്രശാന്ത് ഭൂഷണോടു ക്ഷമിക്കുകയാണ് വേണ്ടത്. വേണമെങ്കില്‍ അദ്ദേഹത്തെ താക്കീതു ചെയ്യാം, ശിക്ഷിക്കരുത്- എജി പറഞ്ഞു.

മാപ്പു പറയാന്‍ തയാറല്ലാത്തയാളെ താക്കീത് ചെയ്തിട്ട് എന്തു കാര്യമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര ചോദിച്ചു. മാപ്പു പറയാന്‍ സമയം നല്‍കിയപ്പോള്‍ നിലപാടില്‍ ഉറച്ചുനിന്ന് പുതിയ പ്രസ്താവന നല്‍കുകയാണ് അദ്ദേഹം ചെയ്തത്. കുറച്ചുകൂടി മെച്ചപ്പെട്ട കാര്യങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍ പിന്നെ എന്തു ചെയ്യാനാവും? - ജസ്റ്റിസ് മിശ്ര ചോദിച്ചു.

കോടതി ഈ കേസില്‍ കുടൂതല്‍ അനുകമ്പാപൂര്‍ണമായ നിലപാടു സ്വീകരിക്കണമെന്ന് എജി അഭ്യര്‍ഥിച്ചു. അതു കോടതിയുടെ അന്തസ് ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒട്ടേറെ പൊതുതാത്പര്യ ഹര്‍ജികളുമായി എത്തിയിട്ടുള്ള ആളാണ് പ്രശാന്ത് ഭൂഷണ്‍. അദ്ദേഹത്തിന്റെ പൊതു പ്രവര്‍ത്തനം കോടതി കണക്കിലെടുക്കണം. പ്രശാന്ത് ഭൂഷന്റെ പ്രസ്താവന രേഖകളില്‍നിന്നു നീക്കം ചെയ്ത് കേസ് അവസാനിപ്പിക്കണമെന്ന് എജി അഭിപ്രായപ്പെട്ടു.

പ്രശാന്ത് ഭൂഷണ്‍ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ അതെങ്ങനെ രേഖകളില്‍നിന്നു നീക്കം ചെയ്യാനാവുമെന്ന് ജസ്റ്റിസ് മിശ്ര ചോദിച്ചു. മാപ്പു പറയാന്‍ മൂന്നു ദിവസത്തെ സമയം അനുവദിച്ചിട്ടും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്ന പ്രസ്താവന നല്‍കുകയാണ് പ്രശാന്ത് ഭൂഷണ്‍ ചെയ്തതെന്ന് ജസ്റ്റിസ് ഗവായി ചൂണ്ടിക്കാട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com