റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയിലേക്ക്?, ചര്‍ച്ചകളില്‍ പുരോഗതി; മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം വിവിധ ഘട്ടത്തില്‍ 

റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍
റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയിലേക്ക്?, ചര്‍ച്ചകളില്‍ പുരോഗതി; മൂന്ന് വാക്‌സിനുകളുടെ പരീക്ഷണം വിവിധ ഘട്ടത്തില്‍ 

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിനുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങളുമായുളള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. ചില കാര്യങ്ങളില്‍ തീരുമാനമായിട്ടുണ്ട്. റഷ്യന്‍ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ റഷ്യ സന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. രാജ്യത്ത് നടക്കുന്ന മൂന്ന് കോവിഡ് വാക്‌സിനുകളുടെ പരീക്ഷണം വിവിധ ഘട്ടങ്ങളില്‍ പുരോഗമിക്കുകയാണെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ മാധ്യമങ്ങളോട് പറഞ്ഞു.

പ്രമുഖ മരുന്ന് കമ്പനിയായ സെറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വാക്‌സിന്‍ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങളിലാണ്. ഓക്‌സ്ഫഡ്, ആസ്ട്രാ സെനേക്ക എന്നിവര്‍ സംയുക്തമായി വികസിപ്പിച്ച വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സെറമാണ്.ഭാരതി ബയോടെക്ക്, സൈഡസ് കാഡില്ല എന്നി മരുന്ന് കമ്പനികളുടെ വാക്‌സിനുകള്‍ ഒന്നാം ഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായും ഐസിഎംആര്‍ ഡയറക്ടര്‍ വ്യക്തമാക്കി.

വേണ്ട കരുതലുകള്‍ സ്വീകരിക്കാതെ ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവരാണ് കൂടുതലായും രോഗവ്യാപനത്തിന് ഇടയാക്കുന്നതെന്ന്് ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് കോവിഡ് രോഗം പടരുന്നതിന് ഇടയാക്കുകയാണെന്നും ബല്‍റാം ഭാര്‍ഗവ ഓര്‍മ്മിപ്പിച്ചു. ഹോങ്കോങ്ങില്‍ രോഗം ഭേദമായ ആള്‍ക്ക് വീണ്ടും രോഗം ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പല ഘടകങ്ങള്‍ ഇതിന് കാരണമാകാമെന്ന് ഐസിഎംആര്‍ ചൂണ്ടിക്കാണിച്ചു.

രോഗിയുടെ രോഗപ്രതിരോധ ശേഷി ഒരു ഘടകമാകാം. വൈറസിന്റെ ജനിതകമാറ്റവും രോഗം വീണ്ടും പിടിപെടാന്‍ ഇടയാക്കാം. ഇക്കാര്യങ്ങളെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. എന്നാല്‍  ഇക്കാര്യത്തില്‍ ഇപ്പോള്‍ ഒരു മുന്നറിയിപ്പിന്റെ ആവശ്യം ഇല്ലെന്നും ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com