ആംബുലന്‍സ് ഡ്രൈവര്‍ക്കു പെട്ടെന്നു സുഖമില്ലാതായി, പകരക്കാരനില്ല; വളയം ഏറ്റെടുത്ത് ഡോക്ടര്‍; മാതൃക

രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് ആശുപത്രിയിലേക്കെത്തിക്കാനാണ് ആംബുലന്‍സ് ഡ്രൈവറായി ഡോക്ടറെത്തിയത്
ആംബുലന്‍സ് ഡ്രൈവര്‍ക്കു പെട്ടെന്നു സുഖമില്ലാതായി, പകരക്കാരനില്ല; വളയം ഏറ്റെടുത്ത് ഡോക്ടര്‍; മാതൃക

പൂനെ: കോവിഡ് സ്ഥിരീകരിച്ച് അപകടാവസ്ഥയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവറായി ഡോക്ടര്‍. 71 വയസ്സ് പ്രായമുള്ള രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് ആശുപത്രിയിലേക്കെത്തിക്കാനാണ് ആംബുലന്‍സ് ഡ്രൈവറായി ഡോക്ടറെത്തിയത്. ഡോ. രഞ്ജീത് നികം ആണ് അത്യാവശ്യഘട്ടത്തില്‍ ആംബുലന്‍സ് ഓടിച്ച് രോഗിക്ക് ചികിത്സ ഉറപ്പാക്കിയത്. 

ആംബുലന്‍സ് ഡ്രൈവര്‍ക്ക് സുഖമില്ലാതാകുകയും മറ്റാരെയും പകരം ലഭിക്കാതെ വരികയും ചെയ്തപ്പോഴാണ് ഡോക്ടര്‍ സ്വയം ഡ്രൈവറായി എത്തിയത്. അടിയന്തര വൈദ്യ സഹായം ഉറപ്പാക്കാനായി മറ്റൊരു ഡോക്ടറും ആംബുലന്‍സില്‍ രഞ്ജീത്തിനൊപ്പം ഉണ്ടായിരുന്നു. 

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ പൂനെയിലെ ഒരു കോവിഡ് കെയര്‍ സെന്ററിലാണ് സംഭവം നടന്നത്. ഓക്‌സിജന്‍ ലെവല്‍ താഴ്ന്നതിനെത്തുടര്‍ന്ന് രോഗിയുടെ അവസ്ഥ മോശമായെന്ന് ഡോക്ടര്‍മാരെ അറിയിക്കുകയായിരുന്നു. ഉടന്‍തന്നെ കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാന്‍ നിശ്ചയിച്ചു. എന്നാല്‍ സുഖമില്ലാത്തതിനാല്‍ മരുന്ന് കഴിച്ച് വിശ്രമിച്ചിരുന്ന ആംബുലന്‍സ് ഡ്രൈവരെ ജോലി ഏല്‍പ്പിക്കാന്‍ കഴിയാത്ത സാഹചര്യമായിരുന്നു. മറ്റ് ഡ്രൈവര്‍മാരെ വിളില്ലെങ്കിലും ആ സമയത്ത് ആരെയും ലഭിച്ചില്ല. ഈ സമയത്താണ് ഡോ. രഞ്ജീത്ത് വണ്ടി ഓടിക്കാന്‍ സന്നദ്ധത അറിയിച്ചത്. 

സ്വകാര്യ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രോഗിയുടെ നില ഭേദപ്പെട്ടെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൃത്യമസയത്ത് ഡോക്ടര്‍മാര്‍ ഇടപ്പെട്ടതുകൊണ്ടാണ് അച്ഛന്റെ ജീവന്‍ രക്ഷിക്കാനായതെന്ന് രോഗിയുടെ മകന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com