കോവിഡ് മുക്തനായി നിരീക്ഷണത്തിൽ കഴിയുന്നയാളുടെ ഫ്ലാറ്റ് കെട്ടിയടച്ചു, പ്രതിഷേധം 

സംഭവം വിവാദമായതോടെ ഷീറ്റ് മാറ്റി അധികൃതർ തടിതപ്പി
ചിത്രം: എക്‌സ്പ്രസ്‌
ചിത്രം: എക്‌സ്പ്രസ്‌

ചെന്നൈ : കോവിഡ് മുക്തനായി നിരീക്ഷണത്തിൽ കഴിയുന്നയാളുടെ ഫ്ലാറ്റ് അടച്ചുപൂട്ടിയ മുനിസിപ്പാലിറ്റി നടപടിക്കെതിരെ പ്രതിഷേധം. ഹൃദ്രോഗബാധിതൻ അടക്കമുള്ള കുടുംബത്തിന് പുറത്തു പോകാനോ സഹായത്തിന് ആർക്കെങ്കിലും എത്താനോ കഴിയാത്തവിധം ഫ്ലാറ്റ്  മെറ്റൽ ഷീറ്റ് തറച്ച് അടച്ചുപൂട്ടിയതാണ് പ്രതിഷേധത്തിന് വഴിവച്ചത്. തമിഴ്നാട്ടിലെ പല്ലാവരം മുനിസിപ്പാലിറ്റി അധിക‌ൃതരുടേതാണ് നടപടി. സംഭവം വിവാദമായതോടെ ഷീറ്റ് മാറ്റി അധികൃതർ തടിതപ്പി. 

ഫ്ലാറ്റ് ഉൾപ്പെടുന്ന അപ്പാർട്മെന്റിന്റെ പ്രധാന കവാടം തന്നെ അടച്ചു പൂട്ടാനായിരുന്നു ആദ്യം തീരുമാനിച്ചത്. താമസക്കാർ പ്രതിഷേധിച്ചതോടെ ഒറ്റ ഫ്ലാറ്റ് മാത്രം അടച്ചു. കുടുംബാം​ഗങ്ങൾക്ക് അടിയന്തരമായി പുറത്തു പോകാൻ പോലും കഴിയാത്ത വിധം ഫ്ലാറ്റ് കെട്ടിയടയ്ക്കുകയായിരുന്നു. സംഭവത്തിൽ തമിഴ്നാട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. 

തമിഴ്‌നാട്ടിൽ ഇന്നലെ മാത്രം 5981 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 109 പേർക്ക് ജീവൻ നഷ്ടമായതായും തമിഴ്‌നാട് ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു. പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ, ആകെ കോവിഡ് ബാധിതരുടെ എണ്ണം നാലുലക്ഷം കടന്നു. 4,03,242 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 52,364 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. 3,43,930 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടപ്പോൾ മരണസംഖ്യ 6948 ആയി ഉയർന്നതായി ആരോഗ്യവകുപ്പ് കണക്കുകൾ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com