വിമാനത്തില്‍ ഭക്ഷണ വിതരണത്തിന് അനുമതി, വിനോദത്തിന് ഹെഡ് ഫോണ്‍; മാസ്‌ക് ധരിക്കാത്തവര്‍ നോ ഫ്‌ളൈ ലിസ്റ്റില്‍, കൂടുതല്‍ ഇളവുകള്‍

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി
വിമാനത്തില്‍ ഭക്ഷണ വിതരണത്തിന് അനുമതി, വിനോദത്തിന് ഹെഡ് ഫോണ്‍; മാസ്‌ക് ധരിക്കാത്തവര്‍ നോ ഫ്‌ളൈ ലിസ്റ്റില്‍, കൂടുതല്‍ ഇളവുകള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിമാനത്തില്‍ നിര്‍ത്തിവെച്ചിരുന്ന ഭക്ഷണ വിതരണം പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന്റെ അനുമതി. മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും വിമാനത്തിനുളളില്‍ വിതരണം ചെയ്യാന്‍ ആഭ്യന്തര വിമാന കമ്പനികള്‍ക്കാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതിന് പുറമേ രാജ്യാന്തര വിമാന സര്‍വീസുകളില്‍ ചൂടുളള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനും അനുമതി നല്‍കിയിട്ടുണ്ട്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് മെയ് 25നാണ് പുനരാരംഭിച്ചത്. എന്നാല്‍ വിമാനത്തിനുളളില്‍ ഭക്ഷണ വസ്തുക്കള്‍ വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിരുന്നില്ല. ഇതിലാണ് മാറ്റം വരുന്നത്. രാജ്യാന്തര വിമാനങ്ങളില്‍ നിയന്ത്രിത അളവിലാണ് ഭക്ഷണം നല്‍കിയിരുന്നത്. മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണമാണ് വിതരണം ചെയ്തിരുന്നത്. അതും വിമാനയാത്രയുടെ ദൈര്‍ഘ്യം കണക്കാക്കിയാണ് ഭക്ഷണ വിതരണം തീരുമാനിച്ചിരുന്നത്.

യാത്രയുടെ ദൈര്‍ഘ്യം അനുസരിച്ച് മുന്‍കൂട്ടി പായ്ക്ക് ചെയ്ത ഭക്ഷണവും പാനീയങ്ങളും ആഭ്യന്തര വിമാന സര്‍വീസില്‍ വിതരണം ചെയ്യാനാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്‍കിയത്. രാജ്യാന്തര വിമാന സര്‍വീസുകളില്‍ ചൂടുളള ഭക്ഷണം വിതരണത്തിന് ഒരുക്കാനാണ് നിര്‍ദേശം. നിയന്ത്രിതമായ അളവില്‍ പാനീയങ്ങള്‍ നല്‍കാനും അനുമതിയുണ്ട്. ഒറ്റ തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ട്രേകള്‍, പ്ലേറ്റുകള്‍ എന്നിവ മാത്രമേ ഉപയോഗിക്കാവൂ .ഓരോ തവണ ഭക്ഷണം വിതരണം ചെയ്യുമ്പോഴും ക്രൂ അംഗങ്ങള്‍ ഗ്ലൗസ് നിര്‍ബന്ധമായി ധരിച്ചിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു.

വിനോദത്തിന് യാത്രക്കാര്‍ക്ക് അണുവിമുക്തമാക്കിയ ഹെഡ്‌ഫോണുകളോ ഒറ്റ തവണത്തെ ഉപയോഗത്തിന് ശേഷം നശിപ്പിക്കാവുന്ന ഇയര്‍ ഫോണുകളോ നല്‍കണം. മാസ്‌ക് ധരിക്കാന്‍ കൂട്ടാക്കത്തവരെ നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും വ്യോമയാന മന്ത്രാലയം വിമാനകമ്പനികളോട് ആവശ്യപ്പെട്ടു. 

ഇതുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് ഇല്ല. വിമാനത്തിലെ ക്യാബിന്‍ ക്രൂവിന് തന്നെ നടപടി എടുക്കാവുന്നതാണ്. മോശമായി പെരുമാറുന്ന ഒരാളെ ഒരു വിമാന കമ്പനി നോ ഫ്‌ളൈ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാല്‍ മറ്റു കമ്പനികളും ഇത് പിന്തുടരുന്നതാണ് പതിവ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com