രണ്ട് മയക്കുമരുന്ന് ഇടപാടുകാര്‍ മുംബൈയില്‍ അറസ്റ്റില്‍ ; സുശാന്ത് രജ്പുത്തിന്റെ മരണത്തില്‍ ഡ്രഗ് മാഫിയയുടെ പങ്ക് തിരഞ്ഞ് അന്വേഷണസംഘം

മുംബൈ അന്ധേരി ഏരിയ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടു നടത്തുന്നവരാണ് പിടിയിലായത്
സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് ചോദ്യം ചെയ്യലിനായി എത്തുന്നു
സുശാന്തിന്റെ സുഹൃത്ത് സിദ്ധാർത്ഥ് ചോദ്യം ചെയ്യലിനായി എത്തുന്നു

മുംബൈ : രണ്ട് മയക്കുമരുന്ന് ഇടപാടുകാരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ മുംബൈയില്‍ അറസ്റ്റ് ചെയ്തു. ആത്മഹത്യ ചെയ്ത ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട വാട്‌സ് ആപ്പ് സന്ദേശം പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എന്നാല്‍ അറസ്റ്റിന് സുശാന്ത് രജപുത്തിന്റെ മരണവുമായി നേരിട്ട് ബന്ധമില്ലെന്നാണ് നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. 

മുംബൈ അന്ധേരി ഏരിയ കേന്ദ്രീകരിച്ച് മയക്കുമരുന്ന് ഇടപാടു നടത്തുന്നവരാണ് പിടിയിലായത്. ഇവരുടെ ഇടപാടുകാരില്‍ കലാകാരന്മാരും സിനിമാതാരങ്ങളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്ക്ഡൗണ്‍ സമയത്തും ഇവര്‍ ബെല്‍ജിയം, ജര്‍മ്മനി തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ നിന്നും മയക്കുമരുന്ന് എത്തിച്ചിരുന്നതായാണ് സൂചന. 

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട്, കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ ഇന്നു വീണ്ടും ചോദ്യം ചെയ്യും. ഇന്നലെയും റിയയെ സിബിഐ ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തരയ്ക്ക് ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി വൈകിയാണ് അവസാനിച്ചത്. 

ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, അവരുടെ പേരിലുള്ള വസ്തുക്കളുടെ രേഖകള്‍ എന്നിവയും നടനു റിയ നല്‍കിയിരുന്ന മരുന്നുകളുമായി ബന്ധപ്പെട്ട ഡോക്ടറുടെ കുറിപ്പുകളും ഹാജരാക്കാന്‍ റിയയോട് ആവശ്യപ്പെട്ടിരുന്നു. സുശാന്തിനു നല്‍കിയിരുന്ന വിഷാദരോഗ തെറപ്പിയെക്കുറിച്ചും ചോദിച്ചു. 

അതിനിടെ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് സുശാന്തിന്റെ സുഹൃത്ത് സിദ്ധാര്‍ത്ഥ് പിത്താനി, സുശാന്തിന്റെ വീട്ടിലെ പാചകക്കാരന്‍ നീരജ് സിങ്, സുശാന്തിന്റെ ജോലിക്കാരനായ കേശവ് ബച്ച്‌നര്‍ എന്നിവരെ സിബിഐ ഇന്നും ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനായി ഇവരെ ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് റിയയുടെ സഹോദരന്‍ ഷൗവിക് ചക്രവര്‍ത്തി അടക്കമുള്ളവരെ സിബിഐ ചോദ്യം ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com