ഏറ്റവുമധികം ദയാ ഹർജികൾ തള്ളിയ രാഷ്ട്രപതി; പ്രായോ​ഗികതയുടെ രാഷ്ട്രീയം 'പ്രണബ് ദാ' 

ഏറ്റവുമധികം ദയാ ഹർജികൾ തള്ളിയ രാഷ്ട്രപതി; പ്രായോ​ഗികതയുടെ രാഷ്ട്രീയം പ്രണബ് ദാ 
ഏറ്റവുമധികം ദയാ ഹർജികൾ തള്ളിയ രാഷ്ട്രപതി; പ്രായോ​ഗികതയുടെ രാഷ്ട്രീയം 'പ്രണബ് ദാ' 

ന്ത്യൻ രാഷ്ട്രീയത്തിലെ നിർണായക ഘട്ടത്തിലാണ് പ്രണബ് മുഖർജി രാഷ്ട്രപതിയായി സ്ഥാനമേൽക്കുന്നത്. 2012 മുതൽ 2017 വരെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രഥമ പൗരനായി പ്രവർത്തിച്ചത്. വിവാദങ്ങൾക്കിട കൊടുക്കാതെ ജനാധിപത്യത്തോടും ഭരണഘടനയോടും കാട്ടിയ ഉത്തരവാദിത്വത്തിന്റെയും വിശ്വസ്തതയുടെയും പേരിലാണ് അദ്ദേഹത്തിന്റെ രാഷ്ട്രപതിക്കാലം അറിയപ്പെടുക. 

വിവിധ വകുപ്പുകളുടെ മന്ത്രിയായി കേന്ദ്രത്തിൽ പ്രവർത്തിച്ച അദ്ദേഹം രാഷ്ട്രീയ ജീവിതത്തിൽ ആരോപണങ്ങൾക്കതീതനായിരുന്നു. പ്രണബ് ധന മന്ത്രിയായിരിക്കെയായിരുന്നു യുപിഎ സർക്കാർ 2ജി അഴിമതിയാരോപണത്തിൽപ്പെട്ട് ഉലഞ്ഞത്. അപ്പോഴും അദ്ദേഹം സംശുദ്ധനായി തുടർന്നു.

രാഷ്ട്രപതിയായപ്പോഴും ആ സംശുദ്ധ നിലപാടിൽ കടുകിട വ്യത്യാസമില്ലാതെ പ്രണബ് ദാ തുടർന്നു. രാഷ്ട്രീയമായ പക്ഷപാതിത്വമോ പരിധിവിട്ടുള്ള ഇടപെടലോ ഇല്ലാതെ ഭരണഘടന അനുവദിച്ച അധികാരത്തിനുള്ളിൽ നിന്നുകൊണ്ട് അദ്ദേഹം രാഷ്ട്രപതിയായി പ്രവർത്തിച്ചു. സർക്കാർ തീരുമാനങ്ങളിൽ കൈയൊപ്പു ചാർത്തുന്ന വെറുമൊരു പദവി മാത്രമായി രാഷ്ട്രപതി സ്ഥാനത്തെ ചുരുക്കാനോ പൊതുജനങ്ങളുമായി അടുത്തിടപെട്ട് അതി ജനകീയനാകാനോ അദ്ദേഹം ശ്രമിച്ചില്ല എന്നതും ശ്രദ്ധേയമാണ്. 

2012 ജൂലൈയിൽ യുപിഎ സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് പ്രണബ് മുഖർജി രാഷ്ട്രപതിയായി ചുമതലയേറ്റത്. കറകളഞ്ഞ കോൺഗ്രസുകാരനും അടിമുടി രാഷ്ട്രീയക്കാരനുമായ പ്രണബിന്റെ രാഷ്ട്രപതി സ്ഥാനാർഥിത്വം തികച്ചും അപ്രതീക്ഷിതമായിരുന്നു. ഒപ്പം രാഷ്ട്രീയ മാനങ്ങളുള്ളതും. പക്ഷേ, രാഷ്ട്രീയക്കാരനിൽ നിന്ന് രാഷ്ട്രപതിയിലേക്ക് അത്ഭുതകരമായ വേ​ഗതയിൽ തന്നെ അദ്ദേഹം പരിണമിച്ചു. 

തന്റെ രാഷ്ട്രീയ വിശ്വാസം പങ്കുവെക്കുന്ന കക്ഷിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഭരിച്ചപ്പോഴും മറ്റൊരു പ്രത്യയശാസ്ത്രത്തിന്റെ വക്താക്കളായ എൻഡിഎ അധികാരത്തിലിരിക്കുമ്പോഴും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലിക്ക് മാറ്റമുണ്ടായില്ല. വിമർശിക്കേണ്ടപ്പോൾ അദ്ദേഹം വിമർശിച്ചു. പിന്തുണയ്ക്കേണ്ടപ്പോൾ അദ്ദേഹം പിന്തുണച്ചു.

എൻഡിഎ സർക്കാർ ഓർഡിനൻസ് രാജിലേക്ക് നീങ്ങിയപ്പോൾ അതിലുള്ള അതൃപ്തിയും ആശങ്കയും അദ്ദേഹം മന്ത്രിമാരെ അറിയിച്ചു. അസഹിഷ്ണുതയ്ക്കും ഗോ രക്ഷയുടെ പേരിൽ നടക്കുന്ന ആക്രമണങ്ങൾക്കും നേരേ ശബ്ദിച്ചു. പ്രതിപക്ഷം തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുത്തിയപ്പോൾ അവരെ ശാസിച്ചു. ഇന്ത്യയുടെ ഭാവിയിൽ നിർണായകമായ നോട്ടു നിരോധനത്തെ പിൻതാങ്ങി.

ഉത്തരാഖണ്ഡിലും അരുണാചൽപ്രദേശിലും രാഷ്ട്രപതി ഭരണം ഏർപ്പെടുത്താനുള്ള തീരുമാനത്തെ അദ്ദേഹം എതിർത്തില്ല. തന്റെ ഭരണഘടനാ പദവിയുടെ പരിമിതികളെക്കുറിച്ച് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു.

രാഷ്ട്രപതി എന്ന പദവിയെ ജനകീയവത്കരിക്കുന്നതിലുപരി, രാഷ്ട്രപതി ഭവനെ ജനങ്ങൾക്ക് പരിചിതമാക്കുന്നതിലാണ് പ്രണബ് ശ്രദ്ധിച്ചത്. 340 മുറികളുള്ള രാഷ്ട്രപതി ഭവന്റെ ഉപയോഗിക്കാത്ത മുറികൾ അദ്ദേഹം സന്ദർശകർക്കായി തുറന്നുകൊടുത്തു. അവിടത്തെ പഴയ കാഴ്ച ബംഗ്ലാവുകൾ നവീകരിച്ചു. രാഷ്ട്രപതി ഭവൻ വളപ്പിലെ താമസക്കാർക്കായി വായനശാല തുറന്നു.

വിദ്യാഭ്യാസത്തിന്റെയും ഗവേഷണത്തിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ രാഷ്ട്രപതിയാണ് അദ്ദേഹം. ഏറ്റവുമധികം ദയാ ഹർജികൾ തള്ളിയ രാഷ്ട്രപതി എന്ന പേരു കൂടി പ്രണബിനുണ്ട്‌. പാർലമെന്റ് ആക്രമണക്കേസ് പ്രതി അഫ്‌സൽ ഗുരുവിന്റേതും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിന്റേതുമുൾപ്പെടെ 30 ദയാ ഹർജികളാണ് അദ്ദേഹം നിരാകരിച്ചത്. നാലെണ്ണം അനുവദിച്ചു.

രാഷ്ട്രീയ, സാമൂഹിക അസ്വസ്ഥതകളുടെ കാലത്ത് കർമോത്സുകതയുടെയും പക്വതയുടെയും പ്രായോഗികതയുടെയും രാഷ്ട്രീയമായിരുന്നു പ്രണബ് അനുവർത്തിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ തനതായ ഇടം കണ്ടെത്തിയാണ് അദ്ദേഹം തന്റെ രാഷ്ട്രപതി കാലം അവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com