ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്നുകോടി കൈപ്പറ്റി; മകളില്‍ നിന്ന് ജീവന് ഭീഷണി; ഷെഹ്‌ല റാഷിദിന് എതിരെ ആരോപണവുമായി പിതാവ്

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഷെഹ്‌ല റാഷിദിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അബ്ദുള്‍ റാഷിദ് ഷോറ രംഗത്ത്.
ഷെഹ്‌ല റാഷിദ്/ പിടിഐ
ഷെഹ്‌ല റാഷിദ്/ പിടിഐ

ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ നേതാവ് ഷെഹ്‌ല റാഷിദിന് എതിരെ ഗുരുതര ആരോപണങ്ങളുമായി പിതാവ് അബ്ദുള്‍ റാഷിദ് ഷോറ രംഗത്ത്. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിനായി ഷെഹ്‌ല മൂന്നുകോടി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഇതറിഞ്ഞ തന്നെ ഭീഷണിപ്പെടുത്തുന്നതായും കശ്മീര്‍ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അബ്ദുള്‍ റാഷീദ് പറയുന്നു. 

ഷെഹ്‌ലയില്‍ നിന്ന് തന്റെ ജീവന് ഭീഷണിയുണ്ട്. ഭാര്യയായ സുബൈദയും മൂത്ത മകള്‍ അസ്മ റാഷിദും അംഗരക്ഷകനായ സാകിബ് അഹമ്മദും ഷെഹ്‌ലയ്ക്ക് പിന്തുണ നല്‍കിയിട്ടുണ്ട് എന്നും റാഷിദ് പരാതിയില്‍ പറയുന്നു. 2017ല്‍ ഷെഹ്‌ല കശ്മീര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതിന് പിന്നാലെയാണ് തനിക്കെതിരെ തിരിഞ്ഞത് എന്നും റാഷിദ് പറയുന്നു. 

ഭീകരപ്രവര്‍ത്തനത്തിന് പണം നല്‍കിയെന്ന കേസില്‍ സാഹോര്‍ വതാലി അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുന്‍പ് മുന്‍ എംഎല്‍എ റഷീദ് എഞ്ചിനീയറുടെ സാന്നിധ്യത്തില്‍ വതാലി താനുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും അബ്ദദുള്‍ റാഷിദ് പറയുന്നു. രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഷെഹ്‌ലയെ അവര്‍ക്കൊപ്പം ചേര്‍ക്കാനായി മൂന്നുകോടി രൂപ വാഗ്ദാനം ചെയ്തുവെന്നും റാഷിദ് പറയുന്നു.

ഇത് സ്വീകരിക്കരുത് എന്ന് താന്‍ മകളോട് പറഞ്ഞു. എന്നാല്‍ ഷെഹ്‌ല ഈ പണം സ്വീകരിക്കുകയും പുറത്തുപറഞ്ഞാല്‍ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും റാഷിദ് പരാതിയില്‍ പറയുന്നു. 
 
തന്റെ വീട്ടില്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. മകള്‍ തന്നെ വീട്ടില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചു. തനിക്ക് സുരക്ഷയൊരുക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടു. 

ഷെഹ്‌ല സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാലും തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നും കാരണം ബിജെപിയെപ്പോലെ സിപിഎമ്മും മുഖ്യധാരയില്‍ നില്‍ക്കുന്ന സംഘടനയാണ് എന്നും റാഷിദ് കൂട്ടിച്ചേര്‍ത്തു. 

ഷെഹ്‌ല അമേരിക്കയില്‍ പോയതിന് ശേഷമാണ് പാര്‍ട്ടി രൂപീകരണത്തിന്റെ ശ്രമങ്ങള്‍ നടന്നത്. ദേശീയ പാര്‍ട്ടികളാരും ഇത്തരത്തിലൊരു സംഘടനയ്ക്ക് ഫണ്ട് നല്‍കില്ലെന്നും ഇവര്‍ക്ക് പണം ലഭിക്കുന്നത് എവിടെനിന്നാണ് എന്ന് അന്വേഷിക്കണമെന്നും റാഷിദ് ആവശ്യപ്പെട്ടു. 

എന്നാല്‍ റാഷിദിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് ഷെഹ്‌ല രംഗത്തെത്തി. ഭാര്യയെ മര്‍ദിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന ആളാണ് റാഷിദ് എന്ന് ഷെഹ്‌ല പറഞ്ഞു. പിതാവിന്റെ ആക്രമണങ്ങള്‍ക്ക് എതിരെ പരാതി നല്‍കിയിരുന്നെന്നും ഇതാണ് റാഷിദിനെ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ പ്രേരിപ്പിച്ചത് എന്നും ഷെഹ്‌ല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com