സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി, മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ ഗ്രാമമുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; തുമ്പായത് മരണമൊഴി 

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും തീകൊളുത്തി കൊന്ന സംഭവത്തില്‍ ഗ്രാമ മുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍
സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തി, മാധ്യമപ്രവര്‍ത്തകനെ ചുട്ടുകൊന്ന സംഭവത്തില്‍ ഗ്രാമമുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; തുമ്പായത് മരണമൊഴി 

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെയും സുഹൃത്തിനെയും തീകൊളുത്തി കൊന്ന സംഭവത്തില്‍ ഗ്രാമ മുഖ്യന്റെ മകന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഹാന്‍ഡ് സാനിറ്റൈസര്‍ ദേഹത്ത് ഒഴിച്ച ശേഷം അക്രമിസംഘം ഇരുവരെയും തീകൊളുത്തുകയായിരുന്നു. മരണാസന്നനായി ആശുപത്രി കിടക്കയില്‍ കിടക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകന്റേത് എന്ന നിലയില്‍  പുറത്തുവന്ന വീഡിയോയാണ് കേസില്‍ വഴിത്തിരിവായത്. ഗ്രാമ മുഖ്യനും മകനും അടങ്ങുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് മാധ്യമപ്രവര്‍ത്തകന്‍ വീഡിയോയില്‍ ആരോപിച്ചിരുന്നു.

നവംബര്‍ 27ന് ലക്‌നൗ നഗരത്തിന് 160 കിലോമീറ്റര്‍ അകലെ കല്‍വാരി ഗ്രാമത്തിലാണ് സംഭവം. രാഷ്ട്രീയ സ്വരൂപ് എന്ന ദിനപത്രത്തില്‍ ജോലി ചെയ്തിരുന്ന 37 വയസുകാരനായ മാധ്യമപ്രവര്‍ത്തകന്‍ രാകേഷ് സിങ് നിര്‍ഭിക്കും സുഹൃത്ത് പിന്റു സാഹുവുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലാണ് ഇരുവരെയും കണ്ടെത്തിയത്. പിന്റു സാഹു ഇതിനോടകം തന്നെ മരിച്ചിരുന്നു. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ലക്‌നൗ ആശുപത്രിയില്‍ വച്ചാണ് രാകേഷ് സിങ് നിര്‍ഭിക്ക് മരിച്ചത്. 

മരണത്തിന് തൊട്ടുമുന്‍പ് രാകേഷ് സിഭ് നിര്‍ഭിക്ക് പുറത്തുവിട്ട വീഡിയോയാണ് കേസിന് വഴിത്തിരിവായത്. ഗ്രാമ മുഖ്യന്റെയും മകന്റെയും അഴിമതിയെ കുറിച്ച് സ്ഥിരമായി നിര്‍ഭിക്ക് വാര്‍ത്ത നല്‍കിയിരുന്നു. ഇതാണ് വിരോധത്തിന് കാരണമെന്ന 2.5 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നു.

കൊലപാതകം നടന്ന് നാലുദിവസം കഴിഞ്ഞതിന് ശേഷമാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രാമ മുഖ്യന്റെ മകനായ റിങ്കു മിശ്രയാണ് ഇതില്‍ ഒരാള്‍. ഹാന്‍ഡ് സാനിറ്റൈസര്‍ ഇരുവരുടെയും ദേഹത്ത് ഒഴിച്ച ശേഷം അക്രമി സംഘം തീകൊളുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അപകട മരണമാക്കാന്‍ പ്രതികള്‍ ശ്രമിച്ചുവെങ്കിലും നിരവധി പഴുതുകള്‍ ഇവര്‍ക്ക് എതിരാകുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

നിര്‍ഭിക്കിന്റെ മാധ്യമപ്രവര്‍ത്തനത്തിന് പുറമെ സാഹുവും മിശ്രയുമായുള്ള പണമിടപാട് തര്‍ക്കങ്ങളും കൊലപാതകത്തിന് കാരണമായതായി പൊലീസ് പറയുന്നു. ധീരനായ മാധ്യമപ്രവര്‍ത്തകനായിരുന്നു നിര്‍ഭിക്ക് എന്ന് പറഞ്ഞ പൊലീസ് ഗ്രാമ മുഖ്യനെതിരെയുള്ള മാധ്യമപ്രവര്‍ത്തകന്റെ മരണമൊഴി നിര്‍ണായകമായതായും വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com