ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ തര്‍ക്കം, കാറിന് കുറുകെ ബൈക്ക് നിര്‍ത്തി; എന്‍സിപി നേതാവായ 39കാരിയെ അക്രമിസംഘം കഴുത്തുമുറിച്ച് കൊന്നു

മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവിനെ ബൈക്കിലെത്തിയ അക്രമി സംഘം കഴുത്തുമുറിച്ച് കൊന്നു
ഓവര്‍ടേക്ക് ചെയ്തതിന്റെ പേരില്‍ തര്‍ക്കം, കാറിന് കുറുകെ ബൈക്ക് നിര്‍ത്തി; എന്‍സിപി നേതാവായ 39കാരിയെ അക്രമിസംഘം കഴുത്തുമുറിച്ച് കൊന്നു

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവായ 39കാരിയെ ബൈക്കിലെത്തിയ അക്രമി സംഘം കഴുത്തുമുറിച്ച് കൊന്നു. ഓവര്‍ടേക്കുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അജ്ഞാതരായ പ്രതികള്‍ക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തിങ്കളാഴ്ച അഹമ്മദ്‌നഗര്‍ ജില്ലയിലാണ് സംഭവം. വനിതാ സംഘടനയുടെ അധ്യക്ഷ കൂടിയായ രേഖ ഭൗസാഹേബ് ജാരെയാണ് കൊല്ലപ്പെട്ടത്. പുനെയില്‍ നിന്ന് അമ്മ, മകന്‍, സുഹൃത്ത് എന്നിവര്‍ക്കൊപ്പം കാറില്‍ അഹമ്മദ് നഗറിലേക്ക് പോകുന്ന വഴിയാണ് ആക്രമണം ഉണ്ടായത്. 

 രേഖയുടെ കാര്‍ അക്രമി സംഘം സഞ്ചരിച്ചിരുന്ന ബൈക്കിനെ മറികടന്നു. ഇതില്‍ കുപിതരായ സംഘം നടുറോഡില്‍ ഓടുന്ന കാറിന് കുറുകെ ബൈക്ക് നിര്‍ത്തി വാഹനം നിര്‍ത്തിച്ചു. തുടര്‍ന്ന് ഉണ്ടായ വാക്കേറ്റമാണ് കൊലപാതകത്തില്‍ കലാശിച്ചത്. കാറിലുണ്ടായിരുന്ന രേഖയുടെ ബന്ധുക്കള്‍ ഇടപെടാന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ലെന്ന് പൊലീസ് പറയുന്നു.

തര്‍ക്കം മുറുകിയതോടെ, പ്രകോപിതരായ അക്രമിസംഘത്തിലെ ഒരാള്‍ കത്തി എടുത്ത് രേഖയുടെ കഴുത്തുമുറിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല എന്ന് പൊലീസ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com