തന്നെ മുഖ്യമന്ത്രിയാക്കൂ; ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിന് അനുവദിക്കും; വാഗ്ദാനവുമായി ഗോവന്‍ നേതാവ്

ഗോവക്കാര്‍ എപ്പോഴും സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അതിന് അത്യാവശ്യമാണ് ഉച്ചയുറക്കമെന്ന് വിജയ് സര്‍ദേശായി
തന്നെ മുഖ്യമന്ത്രിയാക്കൂ; ഒരു മണിക്കൂര്‍ ഉച്ചയുറക്കത്തിന് അനുവദിക്കും; വാഗ്ദാനവുമായി ഗോവന്‍ നേതാവ്

പനാജി: തന്നെ മുഖ്യമന്ത്രിയാക്കുകയാണെങ്കില്‍ ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയില്‍ ഉച്ചയുറക്കത്തിന് സമയം അനവദിക്കുമെന്ന വാഗ്ദാനവുമായി ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായി. ഗോവക്കാര്‍ എപ്പോഴും സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. അതിന് അത്യാവശ്യമാണ് ഉച്ചയുറക്കമെന്ന് വിജയ് സര്‍ദേശായി പറഞ്ഞു. ഉച്ചയുറക്കം ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം, ഏതൊരാളുടെയും ജോലി മികവ് കൂട്ടുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. 

സാധാരണഗതിയില്‍ ഗോവയിലുള്ളവര്‍ ഉച്ചയുറക്കം ആഗ്രഹിക്കുന്നവരാണ്. എന്നാല്‍ വിവിധ ജോലിയില്‍ ഇരിക്കുന്നവര്‍ക്കും, കടകള്‍ നടത്തുന്നവര്‍ക്കും ഇതിന് സമയം ലഭിക്കാറില്ല. അതുകൊണ്ടുതന്നെയാണ് ഇത്തരമൊരു ആശയം മുന്നോട്ടുവെക്കുന്നതെന്നും വിജയ് സര്‍ദേശായി പറഞ്ഞു. എന്നാല്‍ ഇതിനെ ഗോവക്കാരുടെ അലസതയായി കാണരുത്. ഇത്തരമൊരു ശീലമുണ്ടെങ്കിലും ചെയ്യുന്ന ജോലി സമയബന്ധിതമായി കൃത്യമായി ചെയ്യുന്നവരാണ് ഗോവക്കാര്‍. അത് ഗോവയുടെ സംസ്‌കാരമാണ് അദ്ദേഹം പറഞ്ഞു.

മറ്റുള്ളവരും ഇതേക്കുറിച്ചു പഠിക്കുകയും ബഹുമാനിക്കുകയും ചെയ്യണം. സംസ്ഥാനത്തൊട്ടാകെ വലിയ മാറ്റങ്ങള്‍ക്കെതിരായ പോരാട്ടവുമായി ഗോവക്കാരുടെ ശീലങ്ങളും സംസ്‌ക്കാരവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.സംസ്ഥാനത്തിന് പുറത്തുനിന്നെത്തുന്നവര്‍ക്കെതിരെ കഴിഞ്ഞ കാലങ്ങളില്‍ കടുത്ത നിലപാടുകള്‍ സര്‍ദേശായി സ്വീകരിച്ചിരുന്നു. 'ഞങ്ങളുടെ വിപണികളെ നോക്കൂ. ഞായറാഴ്ചകളില്‍ പോലും ജോലി ചെയ്യാന്‍ ഇഷ്ടപ്പെടുന്ന മാര്‍വാഡി വ്യാപാരികള്‍ അവ പതുക്കെ ഏറ്റെടുക്കുന്നു. അവര്‍ ഷോപ്പുകള്‍ 24 മണിക്കൂറും തുറന്നിരിക്കുന്നു, ഇത് ഒരു വിനോദസഞ്ചാരിയെ സന്തോഷിപ്പിക്കും, പക്ഷേ വ്യക്തിപരമായി പറഞ്ഞാല്‍ ഇവിടെയുള്ളവര്‍ ആരും സന്തുഷ്ടരല്ലെന്നായിരുന്നു സര്‍ദേശായിയുടെ വാക്കുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com