കര്‍ഷക വഞ്ചനയില്‍ പ്രതിഷേധം : 'പദ്മവിഭൂഷണ്‍' തിരികെ നല്‍കുമെന്ന് പ്രകാശ് സിങ് ബാദല്‍

 കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് അകാലിദള്‍ പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പിന്മാറിയിരുന്നു
പ്രകാശ് സിങ് ബാദല്‍ മോദിക്കൊപ്പം ( ഫയല്‍ ചിത്രം)
പ്രകാശ് സിങ് ബാദല്‍ മോദിക്കൊപ്പം ( ഫയല്‍ ചിത്രം)

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പദ്മ പുരസ്‌കാരം തിരികെ നല്‍കുമെന്ന് പഞ്ചാബ് മുന്‍ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദല്‍. തനിക്ക് ലഭിച്ച പദ്മവിഭൂഷണ്‍ പുരസ്‌കാരം കേന്ദ്രസര്‍ക്കാരിന് തിരികെ നല്‍കുമെന്നാണ് ബാദല്‍ പ്രഖ്യാപിച്ചത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കര്‍ഷകരെ വഞ്ചിച്ചതായും അദ്ദേഹം ആരോപിച്ചു.

നേരത്തെ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പ്രകാശ് സിങ് ബാദലിന്റെ ശിരോമണി അകാലിദള്‍ പാര്‍ട്ടി എന്‍ഡിഎ സര്‍ക്കാരില്‍ നിന്നും പിന്മാറിയിരുന്നു. അകാലിദള്‍ മന്ത്രി ഹര്‍ സിമ്രത് കൗര്‍ ബാദലാണ് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചത്.

നേരത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുന്‍ കായിക താരങ്ങള്‍ അടക്കം പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ചലോ മാര്‍ച്ചിനിടെ കര്‍ഷകര്‍ക്കു നേരെയുണ്ടായ നടപടികളില്‍ പ്രതിഷേധിച്ചാണ് പദ്മശ്രീ, അര്‍ജുന പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്ന് താരങ്ങള്‍ പ്രഖ്യാപിച്ചത്.

പദ്മശ്രീയും അര്‍ജുന പുരസ്‌കാരവും നേടിയിട്ടുള്ള ഗുസ്തി താരം കര്‍ത്താര്‍ സിങ്, അര്‍ജുന പുരസ്‌കാര ജേതാവും ബാസ്‌ക്കറ്റ് ബോള്‍ താരവുമായ സജ്ജന്‍ സിങ് ചീമ, അര്‍ജുന ജേതാവും ഹോക്കി താരവുമായ രാജ്ബിര്‍ കൗര്‍ എന്നിവരാണ് കര്‍ഷകര്‍ക്കു പിന്തുണയുമായി രംഗത്തുവന്നത്.

ഈ മാസം അഞ്ചിന് ഡല്‍ഹിയില്‍ എത്തി പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി ഭവനു പുറത്തുവയ്ക്കുമെന്ന് താരങ്ങള്‍ അറിയിച്ചു. ഡല്‍ഹി മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ച കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ കായിക താരങ്ങള്‍ പ്രതിഷേധം അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com