ആര്‍എസ്എസ് ആസ്ഥാനത്ത് ബിജെപിക്ക് കനത്ത തിരിച്ചടി ; മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റം ; ബിജെപി ഒരു സീറ്റിലൊതുങ്ങി

എന്‍സിപിയുടെ അരുണ്‍ ലാഡ്, സതീഷ് ഭാനുദാസ് റാവു എന്നിവര്‍ വിജയിച്ചു
ആര്‍എസ്എസ് ആസ്ഥാനത്ത് ബിജെപിക്ക് കനത്ത തിരിച്ചടി ; മഹാരാഷ്ട്ര കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മുന്നേറ്റം ; ബിജെപി ഒരു സീറ്റിലൊതുങ്ങി

മുംബൈ : മഹാരാഷ്ട്ര നിയമസഭ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. ആറു സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഒരു സീറ്റ് മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. നാലെണ്ണം ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് മഹാസഖ്യം നേടി. ഒരു സീറ്റ് സ്വതന്ത്രനും ലീഡ് ചെയ്യുകയാണ്. 

എന്‍സിപിയുടെ അരുണ്‍ ലാഡ്, സതീഷ് ഭാനുദാസ് റാവു എന്നിവര്‍ പൂനെ ഡിവിഷന്‍, ഔറംഗബാദ് ഡിവിഷന്‍ മണ്ഡലങ്ങളില്‍ നിന്നും വിജയിച്ചു. പൂനെ ഡിവിഷന്‍ ടീച്ചേഴ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ ജയന്ത് ആസ്ഗാവ്കര്‍ ലീഡ് ചെയ്യുകയാണ്. 

ആര്‍എസ്എസിന്റെ ആസ്ഥാനമായ നാഗ്പൂര്‍ ഡിവിഷനിലും ബിജെപിക്ക് തിരിച്ചടിയാണ്. നാഗ്പൂര്‍ ഡിവിഷന്‍ ഗ്രാജ്വേറ്റ്‌സ് മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ അഭിജിത് ഗോവിന്ദ് റാവു വാഞ്ചാരിയാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ സീറ്റില്‍ നിന്നാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നിയമസഭയിലെത്തിയത്. മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പിതാവ് ഗംഗാധര്‍ റാവു ഫഡ്‌നാവിസും നാഗ്പൂരില്‍ നിന്നും വിജയിച്ചിട്ടുണ്ട്. ഏറ്റവും ശക്തമായ മേഖലയായ നാഗ്പൂരിലെ തിരിച്ചടി ബിജെപിക്ക് അപ്രതീക്ഷിതമാണ്. 

അമരാവതി ടീച്ചേഴ്‌സ് ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കിരണ്‍ സാരാനായികും ലീഡ് ചെയ്യുന്നു. ഇവിടെ മഹാസഖ്യത്തിന് വേണ്ടി മല്‍സരിച്ച ശിവസേന സ്ഥാനാര്‍ത്ഥിയെയാണ് സ്വതന്ത്രന്‍ പിന്നിലാക്കിയത്. ധൂലെ നന്ദൂര്‍ബാര്‍ മണ്ഡലത്തില്‍ മാത്രമാണ് ബിജെപിക്ക് വിജയിക്കാനായത്. ബിജെപിയുടെ അമരീഷ് പട്ടേലാണ് ഇവിടെ വിജയിച്ചത്. 
 

തങ്ങള്‍ പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായത്. കൂടുതല്‍ സീറ്റുകള്‍ ബിജെപി പ്രതീക്ഷിച്ചിരുന്നു. എതിരാളികളുടെ ശക്തി കുറച്ചുകണ്ടതും തിരിച്ചടിയായതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com