വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്ര വിവാഹം തടഞ്ഞ് യുപി പൊലീസ്, നടപടി ഹിന്ദു മഹാസഭയുടെ പരാതിയില്‍

വീട്ടുകാരുടെ സമ്മതത്തോടെയുള്ള മിശ്ര വിവാഹം തടഞ്ഞ് യുപി പൊലീസ്, നടപടി ഹിന്ദു മഹാസഭയുടെ പരാതിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വരന്റെയും വധുവിന്റെയും കുടുംബങ്ങളുടെ സമ്മതത്തോടെ നടക്കാനിരുന്ന മിശ്ര വിവാഹം പൊലീസ് ഇടപെട്ടു തടഞ്ഞു. പുതിയ മത പരിവര്‍ത്തന നിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടിയാണ്, തലേ ദിവസം എത്തി പൊലീസ് വിവാഹം തടഞ്ഞത്. 

റൈന ഗുപ്ത എന്ന ഇരുപത്തിരണ്ടുകാരി ബാല്യം മുതല്‍ അറിയുന്ന മുഹമ്മദ് ആസിഫ് എന്ന ഇരുപത്തിനാലുകാരനെയാണ് വിവാഹം കഴിക്കാനിരുന്നത്. ഇരു കുടുംബംഗങ്ങളും ചേര്‍ന്നാണ് വിവാഹം നടത്തുന്നത്. രണ്ടു കുടുംബങ്ങളിലേയും അംഗങ്ങളും ബന്ധുക്കളും ചേര്‍ന്ന് വിവാഹം ആഘോഷമായി നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ അവസാന നിമിഷത്തിലേക്കു കടക്കുന്നതിനിടെ പൊലീസ് എത്തുകയായിരുന്നു.

ഹിന്ദു മഹാസഭ ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ശുക്ലയുടെ പരാതിയിയലാണ് പൊലീസ് നടപടി. ലൗ ജിഹാദ് തടയാനെന്ന പേരില്‍ യുപി പാസാക്കിയ നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമ പ്രകാരം മിശ്ര വിവാഹങ്ങള്‍ക്ക് ഒരു മാസം മുമ്പ് നോട്ടീസ് നല്‍കണം. ഈ വ്യവസ്ഥ പാലിച്ചില്ലെന്നു പറഞ്ഞാണ് പൊലീസ് ഇടപെട്ടത്. 

നിയമം അനുസരിക്കാന്‍ തയാറാണെന്ന് വരനും വധുവും അറിയിച്ചതോടെ പൊലീസ് മടങ്ങി. ഇരുവര്‍ക്കും എതിരെ കേസ് ചാര്‍ജ് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഒരു മാസത്തിനു ശേഷം വിവാഹം നടത്താനാണ് ഇരുവരുടെയും തീരുമാനം. ആദ്യം ഹിന്ദു ആചാര പ്രകാരവും പിന്നീട് മുസ്ലിം രീതി അനുസരിച്ചും ചടങ്ങുകള്‍ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. 

അതേസമയം വിവാഹത്തിനെത്തിയ ബന്ധുക്കള്‍ പൊലീസ് നടപടിക്കെതിരെ പ്രതികരിച്ചു. നിയമം കൊണ്ടുവന്നപ്പോള്‍ ഉയര്‍ന്നുവന്ന ആശങ്കകളില്‍ ഒന്ന് സത്യമാണെന്നു വ്യക്തമായിരിക്കുകയാണെന്ന് അവര്‍ പറഞ്ഞു. ഇരുകൂട്ടരും ഒരുമിച്ചു നടത്തുന്ന വിവാഹത്തില്‍ പോലും പൊലീസ് ഇടപെടുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനു നാട്ടില്‍ ഒരു വിലയും ഇല്ലാതായെന്ന് അവര്‍ കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com