പൊലീസ് വളഞ്ഞപ്പോള്‍ വയലിലൊളിച്ചു; ഏറ്റുമുട്ടല്‍ ; 'സൈക്കോ കില്ലറി'നെ വെടിവെച്ചു കൊന്നു

ദിലീപ് ദേവലിനായി മധ്യപ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു
പൊലീസ് വളഞ്ഞപ്പോള്‍ വയലിലൊളിച്ചു; ഏറ്റുമുട്ടല്‍ ; 'സൈക്കോ കില്ലറി'നെ വെടിവെച്ചു കൊന്നു

ഭോപ്പാല്‍ : മധ്യപ്രദേശ് പൊലീസ് തേടിക്കൊണ്ടിരുന്ന സൈക്കോ കില്ലര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ റാത്‌ലാമില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലിനിടെയാണ് ദിലീപ് ദേവല്‍ എന്ന കൊടും കുറ്റവാളി കൊല്ലപ്പെട്ടത്. ഗുജറാത്തിലെ ദഹോദ് സ്വദേശിയാണ് ഇയാള്‍. ഏറ്റുമുട്ടലിനിടെ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. 

റാത്‌ലാമില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വെടിവച്ച് കൊലപ്പെടുത്തിയ ദിലീപ് ദേവലിനായി മധ്യപ്രദേശ് പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കവര്‍ച്ചയ്ക്ക് ശേഷം തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കുകയാണ് ഇയാളുടെ രീതി. നവംബര്‍ 25ന് ഛോട്ടി ദീപാവലി ആഘോഷത്തിനിടെ റാത്‌ലാമില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ ദിലീപും സംഘവും കൊലപ്പെടുത്തുകയായിരുന്നു. 

അയല്‍വാസികളെല്ലാം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെയാണ് ഗോവിന്ദ് സോളങ്കി (50), ഭാര്യ ശാരദ (45), മകള്‍ ദിവ്യ(21) എന്നിവരെ ദിലീപും സംഘവും കൊന്നത്. പിറ്റേന്നാണ് അയല്‍ക്കാര്‍ കൊലപാതക വിവരം അറിയുന്നത്. ഗോവിന്ദ് അടുത്തിടെ വസ്തുവില്‍പ്പന നടത്തിയ പണം വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന അറിവിനെ തുടര്‍ന്നായിരുന്നു കവര്‍ച്ച നടത്തിയത്.  

കൊലപാതകത്തിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ദിലീപിന്റെ കൂട്ടാളികളായ അനുരാഗ് മെഹര്‍, ഗൗരവ് ബിലാല്‍, ലാല ഭാബോര്‍, എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവില്‍ പോയ ദിലീപ് ദേവല്‍ കച്ച്‌േേറാഡ് പരിസരത്ത് കറങ്ങുന്നതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലം വളഞ്ഞതോടെ ഇയാള്‍ ഒരു കൃഷിയിടത്തിലേക്ക് ഓടിയൊളിച്ചു. 

കീഴടങ്ങാനുള്ള പൊലീസിന്റെ നിര്‍ദേശം കൂട്ടാക്കാതെ, ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് പൊലീസും തിരിച്ചു വെടിവെച്ചു. ദീര്‍ഘനേരത്തെ വെടിവെപ്പിനു ശേഷം പൊലീസ് നടത്തിയ തിരച്ചിലില്‍ ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായ ദിലീപിനെ കണ്ടെത്തുകയായിരുന്നു. 

ഇയാളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി ആറ് കൊലപാതക കേസുകളിലെ പ്രതിയാണ് ദിലീപ്. പ്രായമായവര്‍ താമസിക്കുന്ന വീടുകള്‍ കണ്ടെത്തി കവര്‍ച്ചയും കൊലപാതകവും നടത്തുന്നതാണ് ഇയാളുടെ പതിവെന്നും പൊലീസ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com