'സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പമാണ് കാനഡ'; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

ദില്ലി ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തെത്തി
'സമാധാനപരമായി സമരം ചെയ്യുന്നവര്‍ക്കൊപ്പമാണ് കാനഡ'; ഇന്ത്യ പ്രതിഷേധം അറിയിച്ചിട്ടും നിലപാട് മാറ്റാതെ ട്രൂഡോ

ഒട്ടാവ: ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചതിന് പിന്നാലെയും കർഷക പ്രക്ഷോഭത്തോടുള്ള നിലപാട് ആവർത്തിച്ച് കനേഡിയൻ പ്രസിഡന്റ് ജസ്റ്റിൻ ട്രൂഡോ. ദില്ലി ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് വീണ്ടും പിന്തുണയറിയിച്ച് ജസ്റ്റിൻ ട്രൂഡോ വീണ്ടും രംഗത്തെത്തി. 

ലോകത്തെവിടെയും സമാധാന പരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പമാണ് കാനഡ എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തെ ഈ നിലപാട് ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനും സമാധാനപരമായി നടക്കുന്ന പ്രതിഷേധങ്ങൾക്കൊപ്പമാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.

കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ട്രൂഡോയുടെ ആദ്യ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയിലെ ആഭ്യന്തര വിഷയങ്ങളിൽ  കനേഡിയൻ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ അഭിപ്രായ പ്രകടനങ്ങൾ അംഗീകരിക്കാനാകില്ലെന്നാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

ഇത്തരം പ്രവർത്തികൾ തുടരുന്നത് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാക്കും. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും പരാമർശങ്ങൾ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫീസിന് മുമ്പിലേക്ക്  തീവ്രവാദ സ്വഭാവമുള്ള സംഘടനകളെ എത്തിക്കുന്നതിലേക്ക് നയിച്ചുവെന്നും ഇത് സുരക്ഷാപ്രശ്നം ഉണ്ടാകുന്നുണ്ടെന്നുമാണ് വിദേശകാര്യ മന്ത്രാലയം നിലപാടെടുത്തത്. 

'കർഷകരുടെ പ്രതിഷേധത്തെകുറിച്ച് ഇന്ത്യയിൽ നിന്നുവരുന്ന വാർത്തകൾ ആശങ്കാജനകമാണ്. സുഹൃത്തുക്കളെയും കുടുംബങ്ങളെയും കുറിച്ച് ആധിയുണ്ട്. തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി സമാധാനപരമായി പോരാടുന്ന കർഷകർക്കൊപ്പമാണ് കാനഡ എന്നും നിലകൊള്ളുക. ചർച്ചകളിൽ വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തങ്ങളുടെ ആശങ്കകൾ അറിയിക്കാനായി ഇന്ത്യൻ അധികാരികളെ പലവിധത്തിലും ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നാമെല്ലാവരും ഒരുമിച്ച് ശ്രമിക്കേണ്ട സന്ദർഭമാണിത്'- ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് മതവിശ്വാസികളെ അഭിസംബോധന ചെയ്ത് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞ വാക്കുകളാണ് വിവാദമായത്. ഇതിന് പിന്നാലെയാണ് കനേഡിയൻ ഹൈക്കമീഷണറെ വിളിച്ച് വരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com