കേന്ദ്രസര്‍ക്കാര്‍ അയയുന്നു; മന്ത്രിമാരുമായി മോദിയുടെ ഒന്നര മണിക്കൂര്‍ യോഗം, 'ഫോര്‍മുലകള്‍' അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച ആരംഭിച്ചു

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന അഞ്ചാംഘട്ട ചര്‍ച്ച ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ചു
കേന്ദ്രസര്‍ക്കാര്‍ അയയുന്നു; മന്ത്രിമാരുമായി മോദിയുടെ ഒന്നര മണിക്കൂര്‍ യോഗം, 'ഫോര്‍മുലകള്‍' അംഗീകരിക്കില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച ആരംഭിച്ചു


ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായി പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന  ചര്‍ച്ച ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ ആരംഭിച്ചു. കര്‍ഷക പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന് മുന്‍പ് കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.

ഒന്നര മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനിന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ പങ്കെടുത്തു. കേന്ദ്രസര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറായേക്കും എന്നാണ് സുചന. നിയമത്തില്‍ മുന്ന് ഭേദഗതികള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. താങ്ങുവില സംബന്ധിച്ച ഉറപ്പുകള്‍ എഴുതി നല്‍കിയേക്കും. കരാര്‍ കൃഷി സംബന്ധിച്ച തര്‍ക്കങ്ങളില്‍ കോടതിയെ സമീപിക്കാന്‍ നിയമത്തില്‍ ഭേദഗതി വരുത്തിയേക്കും. 

എന്നാല്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താനുള്ള സര്‍ക്കാര്‍ ഫോര്‍മുല അംഗീതകരിക്കില്ല എന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ തന്നെ തങ്ങള്‍ ഉറച്ചുനില്‍ക്കുകയാണ് എന്ന് ചര്‍ച്ചയ്ക്ക് മുന്‍പായി കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് ഹര്‍സുലിന്ദര്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. 

പത്തുദിവസമായി തുടരുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ ചൊവ്വാഴ്ച ഭാരത് ബന്ദിനും ആഹ്വാനം ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com