കർഷക പ്രക്ഷോഭം ശക്തമാകുന്നു ; ഇന്ന് നിർണായക ചർച്ച ; സമവായം തേടി സർക്കാർ

കാർഷിക പരിഷ്കരണനിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്ന് ചർച്ചയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയേക്കും
കർഷക പ്രക്ഷോഭം ശക്തമാകുന്നു ; ഇന്ന് നിർണായക ചർച്ച ; സമവായം തേടി സർക്കാർ

ന്യൂഡൽഹി: കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടക്കുന്ന കർഷക സമരം തീർക്കാൻ ഇന്ന് വീണ്ടും ചർച്ച നടക്കും. ഇന്നുച്ചയ്ക്ക് രണ്ടിനു വിജ്ഞാൻ ഭവനിൽ നടക്കുന്ന ചർച്ചയിൽ 3 വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് കർഷകർ ആവശ്യപ്പെടും. കൂടാതെ വിളകൾക്കു താങ്ങുവില ഉറപ്പാക്കുന്ന പുതിയ നിയമം പാർലമെന്റിൽ പാസാക്കണമെന്നും ആവശ്യമുന്നയിക്കും.  താങ്ങുവില സംബന്ധിച്ച വാക്കാലുള്ള ഉറപ്പോ മറ്റ് ഒത്തുതീർപ്പ് നീക്കങ്ങളോ അംഗീകരിക്കില്ലെന്നും വ്യക്തമാക്കും.

കാർഷിക പരിഷ്കരണനിയമങ്ങളിൽ പ്രധാനപ്പെട്ട രണ്ടുവ്യവസ്ഥകൾ ഭേദഗതിചെയ്യാമെന്ന് ചർച്ചയിൽ കേന്ദ്രസർക്കാർ വ്യക്തമാക്കിയേക്കും.  വ്യാഴാഴ്ച നടന്ന ചർച്ചയിൽ ഈ നിർദേശങ്ങൾ സർക്കാർ അവതരിപ്പിച്ചെങ്കിലും കർഷകസംഘടനകൾ അംഗീകരിച്ചിരുന്നില്ല. താങ്ങുവില സംവിധാനം തുടരുമെന്ന ഉറപ്പിനുപുറമേ രണ്ടുവ്യവസ്ഥകളിൽ ഭേദഗതിവരുത്താമെന്നാണ് കർഷകസംഘടനകൾക്ക് കേന്ദ്രം നൽകുന്ന വാഗ്ദാനം. മൂന്നുനിയമങ്ങളിൽ, കൂടുതൽ വിവാദമുയർത്തുന്ന വ്യവസ്ഥകളടങ്ങിയ കാർഷികോത്‌പന്നങ്ങളുടെ വ്യാപാരവും വാണിജ്യവും സംബന്ധിച്ച നിയമത്തിൽ കർഷകരുടെ ആശങ്കകൾ പരിഗണിച്ച് ഭേദഗതികൾ കൊണ്ടുവരാമെന്നും സർക്കാർ അറിയിക്കും. 

നിയമത്തിലെ ആറാമത്തെ വ്യവസ്ഥയ്ക്കുനേരെയാണ്‌ കർഷകസംഘടനകൾ കടുത്ത എതിർപ്പ് ഉന്നയിക്കുന്നത്. കമ്പോളത്തെക്കുറിച്ചും വ്യാപാരത്തെക്കുറിച്ചും പുതിയ നിർവചനം ഈ വ്യവസ്ഥയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കാർഷികോത്‌പന്ന കമ്പോളസമിതി യാണ് ‘മണ്ഡി’കളെ നിയന്ത്രിക്കുന്നത്.  പുതിയ നിയമപ്രകാരം വാങ്ങലും വിൽപ്പനയും നടക്കുന്ന ഏതുമേഖലയും കമ്പോളത്തിന്റെ നിർവചനത്തിൽ വരും.  ഇതോടെ കാർഷികോത്‌പന്ന കമ്പോളസമിതിയുടെ പരിധിയിലുള്ള ചന്തകൾക്ക് (മണ്ഡികൾക്ക് )പുറത്തുനടക്കുന്ന വ്യാപാര ഇടപാടുകളെയും കമ്പോളത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തും.

കമ്പോളസമിതിയുടെ നിയന്ത്രണത്തിലുള്ള മണ്ഡികളിലെ വ്യാപാര ഇടപാടുകൾക്ക് നിലവിൽ മാർക്കറ്റ് ഫീസ് ഈടാക്കുന്നുണ്ട്. ഇതോടൊപ്പം ഗ്രാമീണവികസന സെസും പിരിക്കും. പഞ്ചാബിൽ മൂന്നുശതമാനം വീതവും ഹരിയാണയിൽ രണ്ടുശതമാനം വീതവുമാണ് ഈടാക്കുന്നത്. ഉത്പന്നത്തിന്റെ വിലനിശ്ചയിക്കുന്നത് ഈ നിരക്കുകൾ കൂടി ഉൾപ്പെടുത്തിയാണ്. എന്നാൽ, എപിഎംസികൾക്ക് പുറത്തുള്ള സ്വകാര്യ വിൽപ്പനകേന്ദ്രങ്ങളിൽ മാർക്കറ്റ് ഫീസും സെസുമില്ല. ഇത് വിലകളിൽ ഏറ്റക്കുറച്ചിലുണ്ടാക്കുകയും മണ്ഡികളിലെ വിൽപ്പനയെ ബാധിക്കുകയും ചെയ്യുമെന്നാണ് പരാതി.

അതിനിടെ കർഷക പ്രക്ഷോഭത്തിനു വീര്യം കൂട്ടാൻ കൂടുതൽ കർഷകർ ഡൽഹിയിലേക്ക് തിരിച്ചു. മധ്യപ്രദേശിൽ നിന്ന് 100 ട്രാക്ടറുകളിൽ കർഷകർ ഡൽഹിയിലേക്കു പുറപ്പെട്ടു. ലക്ഷക്കണക്കിനു കർഷകർ അതിർത്തികളിൽ നിലയുറപ്പിച്ചതോടെ ഹരിയാന, യുപി എന്നിവിടങ്ങളിൽ നിന്നു ഡൽഹിയിലേക്കുള്ള ദേശീയ പാതകൾ പൊലീസ് അടച്ചു. ഈ മാസം എട്ടിനു ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത കർഷക സംഘടനകൾ, ഇന്ന് രാജ്യത്തുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദി, വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരുടെ കോലം കത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com