ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച പരാജയം; ഒന്‍പതിന് വീണ്ടും ചേരും

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു
ഒരടി പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; ചര്‍ച്ച പരാജയം; ഒന്‍പതിന് വീണ്ടും ചേരും

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനായി കേന്ദ്രസര്‍ക്കാരും കര്‍ഷക സംഘടനകളുമായി നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞു. കാര്യങ്ങള്‍ വിശദമായി പഠിക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഈ മാസം ഒന്‍പതിന് വീണ്ടും ചര്‍ച്ച നടത്തും. 

ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ തള്ളിക്കളഞ്ഞു. ഒന്‍പതാം തീയതിയിലെ ചര്‍ച്ചയെ കുറിച്ച് പിന്നീട് തീരുമാനിക്കുമെന്ന് കര്‍ഷക സംഘടന നേതാക്കള്‍ വ്യക്തമാക്കി. പ്രക്ഷോഭത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും എട്ടാം തീയതി പ്രഖ്യാപിച്ച ഭാരത് ബന്ദ് നടത്തുമെന്നും സംഘടന നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകളോട് രൂക്ഷഭാഷയിലാണ് കര്‍ഷകര്‍ പ്രതികരിച്ചത്. തങ്ങള്‍ക്ക് കോര്‍പ്പറേറ്റ് കൃഷി വേണ്ടെന്നും കര്‍ഷകര്‍ക്കല്ല, സര്‍ക്കാരിനാണ് ഈ നിയമങ്ങള്‍ കൊണ്ട് ലാഭം കിട്ടുന്നതെന്നും കര്‍ഷക നേതാക്കള്‍ നിലപാടെടുത്തു. 

കഴിഞ്ഞ കുറച്ചുദിവസങ്ങളായി തങ്ങള്‍ തെരുവിലാണ്. തങ്ങള്‍ റോഡില്‍ തന്നെ തുടരണം എന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എങ്കില്‍ വിരോധമില്ല. ആക്രമണത്തിന്റെ പാത സ്വീകരിക്കില്ലെന്നും എന്താണ് തങ്ങള്‍ തെരുവില്‍ ചെയ്യുന്നത് എന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന് വിവരങ്ങള്‍ നല്‍കുന്നുണ്ടല്ലോ എന്നും കര്‍ഷകര്‍ ചോദിച്ചു. 

പ്രാദേശിക ചന്തകള്‍ക്കും സ്വകാര്യ ചന്തകള്‍ക്കും തുല്യ പരിഗണന, കര്‍ഷകരും വ്യാപാരികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിനു പകരം സിവില്‍ കോടതി പരിഗണിക്കും എന്നീ രണ്ടു ഭേദഗതികളാണ് സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. എന്നാല്‍, ഭേദഗതികള്‍ അംഗീകരിക്കില്ലെന്നും നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുക തന്നെ വേണമെന്നും കര്‍ഷകര്‍ വ്യക്തമാക്കി.

നിയമങ്ങള്‍ ആദ്യം പിന്‍വലിക്കുക. പിന്നീട് ആവശ്യമെങ്കില്‍ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തി പുതിയ നിയമങ്ങള്‍ സര്‍ക്കാരിനു പാര്‍ലമെന്റില്‍ പാസാക്കാമെന്നും കര്‍ഷകര്‍ നിലപാടെടുത്തു. നിയമങ്ങള്‍ പിന്‍വലിക്കുന്നോ ഇല്ലയോ എന്ന പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് കര്‍ഷക സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തത്. 

കര്‍ഷകര്‍ സമരത്തില്‍ നിന്ന് പിന്മാറി, ചര്‍ച്ചയുടെ പാതയിലേക്ക് വരണമെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രായമായവരെയും കുട്ടികളെയും വീടുകളിലേക്ക് തിരിച്ചയക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. താങ്ങുവില എടുത്തു കളയില്ലെന്നും എംഎസ്പിയെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അടിസ്ഥാന രഹിതമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കേന്ദ്രത്തെ പ്രതിനിധീകരിച്ച് കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍, റെയില്‍വേ, വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍, വാണിജ്യ സഹമന്ത്രി സോം പ്രകാശ് എന്നിവര്‍ പങ്കെടുക്കുന്നു. കര്‍ഷകരെ പ്രതിനിധീകരിച്ച് 40 സംഘടനാ നേതാക്കളും ചര്‍ച്ചയ്‌ക്കെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com