ആന്ധ്രയില്‍ 'അജ്ഞാത രോഗം': ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു, അപസ്മാര സമാനമായ രോഗലക്ഷണങ്ങള്‍

ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു
ആന്ധ്രയില്‍ 'അജ്ഞാത രോഗം': ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു, അപസ്മാര സമാനമായ രോഗലക്ഷണങ്ങള്‍

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ അജ്ഞാത രോഗം ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണം 350 കടന്നു. അപസ്മാരത്തിന് സമാനമായ രീതിയില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച 45 കാരന്‍ വിജയവാഡയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. ആരോഗ്യമന്ത്രി അല്ല കാളികൃഷ്ണ ശ്രീനിവാസ് ആശുപത്രിയില്‍ എത്തി ചികിത്സാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.

ആന്ധ്രാപ്രദേശിലെ എലുരുവിലാണ് കുട്ടികള്‍ അടക്കം നിരവധിപ്പേര്‍ക്ക് ഒരേസമയം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. കുഴഞ്ഞുവീണ ആളുകളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപസ്മാരം, തലവേദന, ഛര്‍ദി എന്നി ലക്ഷണങ്ങളാണ് രോഗികള്‍ പ്രകടിപ്പിച്ചത്. ഞായറാഴ്ച മുതലാണ് ജനങ്ങള്‍ ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. നിലവില്‍ 186 പേര്‍ ആരോഗ്യനില വീണ്ടെടുത്തതിനെ തുടര്‍ന്ന് ആശുപത്രി വിട്ടതായും 164 പേര്‍ ചികിത്സയില്‍ കഴിയുന്നതായും ആരോഗ്യവൃത്തങ്ങള്‍ പറയുന്നു. അപസ്മാര ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 45 വയസുള്ള ആളാണ് ഇന്നലെ വൈകീട്ട് മരിച്ചത്. ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡി ഇന്ന് ആശുപത്രി സന്ദര്‍ശിക്കും.

നിരവധിപ്പേര്‍ക്ക് അസുഖം ബാധിച്ച പശ്ചാത്തലത്തില്‍ ഇന്ന് എലുരുവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. ഒരേ് സമയം നിരവധിപ്പേര്‍ അസുഖബാധിതരാവാനുള്ള കാരണം വ്യക്തമായിട്ടില്ല. പരിശോധനയ്ക്കായി രോഗികളുടെ രക്ത സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.  കള്‍ച്ചര്‍ ടെസ്റ്റ് ഫലം പുറത്തുവന്നാല്‍ മാത്രമേ യഥാര്‍ത്ഥ കാരണം വ്യക്തമാകുകയുള്ളൂ എന്നാണ് അധികൃതര്‍ പറയുന്നത്. കുടിവെള്ളം മലിനമായത് മാത്രമല്ല അജ്ഞാത രോഗത്തിന് കാരണമെന്നാണ് പരിശോധനാഫലം നല്‍കുന്ന സൂചനയെന്ന് ആരോഗ്യമന്ത്രി അല്ല കാളികൃഷ്ണ ശ്രീനിവാസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com