മാസം 200 രൂപയ്ക്ക് കൃഷിഭൂമി പാട്ടത്തിന് എടുത്തു; കുഴിച്ചപ്പോള്‍ കര്‍ഷകന്‍ ഞെട്ടി, 45കാരന്‍ ലക്ഷപ്രഭുവായ കഥ

കഴിഞ്ഞ മാസമാണ് പന്ന നാഷണല്‍ പാര്‍ക്കിന് സമീപമുള്ള കൃഷിഭൂമി പാട്ടത്തിന് എടുത്തത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  പ്രതിമാസ 200 രൂപയ്ക്ക് പാട്ടത്തിന് എടുത്ത ഭൂമിയില്‍ കുഴിച്ച് തുടങ്ങിയപ്പോള്‍ 45കാരനായ കര്‍ഷകന്‍ ഒരിക്കലും കരുതി കാണില്ല, താന്‍ ഒരു ലക്ഷ പ്രഭുവായി മാറാന്‍ പോകുന്നുവെന്ന്. ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷപ്രഭുവായി മാറിയതിന്റെ കഥയാണ് മധ്യപ്രദേശില്‍ നിന്നുള്ള ലഖാന്‍ യാദവിന് പറയാനുള്ളത്. കൃഷിയിടത്തില്‍ കുഴിച്ചപ്പോള്‍ തനിക്ക് യാദൃച്ഛികമായി ലഭിച്ച ഡയമണ്ട് ദീപാവലി സമ്മാനമായാണ് ലഖാന്‍ യാദവ് കാണുന്നത്.

കഴിഞ്ഞ മാസമാണ് പന്ന നാഷണല്‍ പാര്‍ക്കിന് സമീപമുള്ള കൃഷിഭൂമി പാട്ടത്തിന് എടുത്തത്. പ്രതിമാസം 200 രൂപയാണ് പാട്ടം. രണ്ടു പെണ്‍മക്കള്‍ അടക്കം നാലുമക്കളുടെ അച്ഛനായ ലഖാന്‍ യാദവ് കൃഷിക്ക് ഭൂമി ഒരുക്കുന്നതിന്റെ ഭാഗമായി കുഴിക്കാന്‍ തുടങ്ങി. ഇത് തന്റെ ജീവിതം മാറ്റിമറിയ്ക്കുമെന്ന് ലഖാന്‍ യാദവ് ഒരിക്കലും കരുതിയില്ല. 14.98 കാരറ്റ് ഡയമണ്ടാണ് ലഖാന്‍ യാദവിന് കുഴിച്ചപ്പോള്‍ കിട്ടിയത്. ശനിയാഴ്ച 60 ലക്ഷ രൂപയ്ക്കാണ് ഇത് ലേലത്തില്‍ പോയത്.

കുഴിക്കുന്നതിനിടെ, പുറത്തുവന്ന കല്ലുകള്‍ക്കും മണല്‍ തരികള്‍ക്കും ഇടയില്‍ വ്യത്യസ്തമായ ഒന്ന് ശ്രദ്ധയില്‍പ്പെട്ടു. ഇത് പൊടി കളഞ്ഞ് കൂടുതല്‍ മിനുസപ്പെടുത്താന്‍ തുടങ്ങിയതോടെ തിളക്കം വര്‍ധിക്കാന്‍ തുടങ്ങി. തുടര്‍ന്ന് ജില്ലാ ഡയമണ്ട് ഓഫീസില്‍ കല്ലുമായി പോയതോടെയാണ് ഭാഗ്യം തെളിഞ്ഞതെന്ന് ലഖാന്‍ യാദവ് പറയുന്നു.

പന്ന നാഷണല്‍ പാര്‍ക്കിന് വേണ്ടി ഭൂമി നഷ്ടപ്പെട്ട കര്‍ഷകനാണ് ലഖാന്‍ യാദവ്. ഭൂമി ഉപേക്ഷിച്ചതിന് പകരമായി ലഭിച്ച രണ്ടു ഹെക്ടര്‍ സ്ഥലത്തും ലഖാന്‍ യാദവ് കൃഷി ചെയ്യുന്നുണ്ട്. ഡയമണ്ട് വിറ്റത്തിനെ തുടര്‍ന്ന് ആദ്യമായി ലഭിച്ച ഒരു ലക്ഷം രൂപയ്ക്ക് ഒരു ബൈക്ക് വാങ്ങിയതായും ലഖാന്‍ യാദവ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com