'കോടതി കാണിച്ച മാന്യത തിരിച്ചും കാണിക്കണം' ; പാര്‍ലമെന്റ് മന്ദിര ശിലാസ്ഥാപനത്തിന് അനുമതി ; നിര്‍മ്മാണം തടഞ്ഞു

സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയിലേക്ക് ഇടിച്ചു കയറേണ്ട എന്ന മാന്യതയാണ് കോടതി കാണിച്ചത്
'കോടതി കാണിച്ച മാന്യത തിരിച്ചും കാണിക്കണം' ; പാര്‍ലമെന്റ് മന്ദിര ശിലാസ്ഥാപനത്തിന് അനുമതി ; നിര്‍മ്മാണം തടഞ്ഞു

ന്യൂഡല്‍ഹി :  സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതി. തീരുമാനിച്ച പ്രകാരം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്താം. പദ്ധതിക്ക് സ്റ്റേ നല്‍കിയിട്ടില്ല എന്നുകരുതി ി നിര്‍മ്മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 

സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ ചോദ്യം ചെയ്ത് നിരവധി ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. പരിസ്ഥിതി ലോലമായ പ്രദേശമാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിക്ക് ഉപയോഗിക്കുന്നത്. മാത്രമല്ല ഇവിടെ നിരവധി മരങ്ങളും കുളങ്ങളുമുണ്ട്. ഇതെല്ലാം നശിപ്പിച്ചുകൊണ്ടാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക. ഇക്കാരണത്താല്‍ പദ്ധതിക്ക് അനുമതി നല്‍കരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. 

ഈ ഹര്‍ജികളില്‍ കോടതി വാദം കേട്ടുവരികയായിരുന്നു. ഇതിനിടെയാണ് സെന്‍ട്രല്‍ വിസ്ത പദ്ധതിയുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പദ്ധതിയിലെ ഏറ്റവും സുപ്രധാന നിര്‍മ്മാണമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. ഇതിന്റെ ശിലാസ്ഥാപനം ഈ മാസം 10 ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജി പരിഗണിക്കുന്നതിനിടെ പദ്ധതിയുടെ പുരോഗതിയില്‍ സുപ്രീംകോടതി സോളിസിറ്റര്‍ ജനറലിനോട് വിശദീകരണം തേടുകയായിരുന്നു. 

തുടര്‍ന്ന് കേന്ദ്രവുമായി ആശയ വിനിമയം നടത്തിയ തുഷാര്‍ മേത്ത, ഒരുവിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കില്ലെന്ന് കോടതിക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു. പദ്ധതിക്കായി മരം മുറിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളെ കോടതി വിമര്‍ശിച്ചു. നേരത്തെ ഈ പദ്ധതികള്‍ സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ സ്‌റ്റേ ചെയ്തില്ല എന്നതിന് അര്‍ത്ഥം നിര്‍മ്മാണ പ്രവര്‍ത്തനവമായി മുന്നോട്ടു പോകാമെന്നല്ല. 

സര്‍ക്കാരിന്റെ സുപ്രധാന പദ്ധതിയിലേക്ക് ഇടിച്ചു കയറേണ്ട എന്ന മാന്യതയാണ് കോടതി കാണിച്ചത്. എന്നാല്‍ ആ മാന്യത തിരിച്ച് കോടതിയോട് സര്‍ക്കാരും തിരിച്ചു കാണിക്കണമായിരുന്നു. ശിലാസ്ഥാപനവുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കോടതി തീര്‍പ്പുണ്ടാകുന്നതുവരെ പാടില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. 

പദ്ധതിയുമായി ബന്ധപ്പെട്ടുള്ള പേപ്പര്‍ വര്‍ക്കുകള്‍, സര്‍ക്കാര്‍ തലത്തിലുള്ള വര്‍ക്കുകള്‍ എന്നിവയുമായി മുന്നോട്ടുപോകാം. എന്നാല്‍ ഭൂമിയുടെ ഘടന മാറ്റുന്ന ഒരു പ്രവര്‍ത്തനവും പാടില്ല. മരങ്ങള്‍ വെട്ടിമാറ്റുക, നിലവിലുള്ള കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുക തുടങ്ങി ഒരു നടപടിയും പാടില്ലെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹോശ്വരി, സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com