രാജ്യമൊട്ടാകെ വൈ-ഫൈ സേവനം, പ്രത്യേക ഫീസ് ഇല്ല, 'പിഎം-വാണി' കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

രാജ്യമൊട്ടാകെ വിപുലമായ തോതില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ വിപുലമായ തോതില്‍ വൈ-ഫൈ സേവനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ലൈസന്‍സ് ഫീസോ, പ്രത്യേക നിരക്കോ ഈടാക്കാതെ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കാനാണ് അനുമതി. പബ്ലിക് ഡേറ്റ ഓഫീസുകള്‍ വഴി വൈ-ഫൈ സേവനം ലഭ്യമാക്കുകയാണ് പദ്ധതി.

പിഎം-വാണി എന്ന പേരില്‍ വൈ -ഫൈ സേവനം ലഭ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിട്ടത്. പബ്ലിക് വൈ-ഫൈ ആക്‌സസ് നെറ്റ്‌വര്‍ക്ക് ഇന്റര്‍ഫെയ്‌സ് എന്നതാണ് പിഎം വാണിയുടെ പൂര്‍ണ രൂപം. രാജ്യത്ത് പബ്ലിക് വൈ-ഫൈ നെറ്റ്‌വര്‍ക്കുകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

പബ്ലിക് ഡേറ്റ ഓഫീസുകളില്‍ നിന്ന് പ്രത്യേക ഫീസോ, രജിസ്‌ട്രേഷന്‍ നിരക്കോ ഇതിന് ഈടാക്കില്ലെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാജ്യത്ത് നിരവധി പബ്ലിക് ഡേറ്റ സെന്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇതുവഴിയാണ് സേവനം ലഭ്യമാക്കുക. വിപുലമായ തോതില്‍ വൈ-ഫൈ നെറ്റ്‌വര്‍ക്കുകള്‍ ആരംഭിക്കുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിവരിക്കുകയായിരുന്നു മന്ത്രി.

തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് രൂപം നല്‍കിയ ആത്മനിര്‍ഭര്‍ ഭാരത് റോസ്ഗാര്‍ യോജനയ്ക്ക് 22,810 കോടി രൂപ അനുവദിക്കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. രണ്ടുവര്‍ഷത്തേയ്ക്ക് തൊഴിലുടമയുടെയും തൊഴിലാളിയുടെയും പിഎഫ് വിഹിതം കേന്ദ്രസര്‍ക്കാര്‍ വഹിക്കുന്നതാണ് പദ്ധതി. 58.5 ലക്ഷം ജീവനക്കാര്‍ക്ക് ഗുണം ലഭിക്കുന്നതാണ് പദ്ധതി. ലക്ഷദ്വീപിനെ കൊച്ചിയുമായി ബന്ധിപ്പിച്ച് കൊണ്ട് സ്ബ്മറൈന്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ കണക്ടിവിറ്റി നടപ്പാക്കാനും മന്ത്രിസഭാ യോഗം അനുമതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com