കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല; അപേക്ഷകള്‍ വിദഗ്ധ സമിതി തള്ളി

സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ബയോടെക്കിന്റെയും അപേക്ഷകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനുകളുടെ അടിയന്തര ഉപയോഗത്തിന് അനുമതിയില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെയും ബയോടെക്കിന്റെയും അപേക്ഷകളാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തളളി. ഇന്ന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിന്റെതാണ് തീരുമാനം.സുരക്ഷയും ഫലപ്രാപ്തിയും സംബന്ധിച്ച് ആവശ്യത്തിനു രേഖകള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയാണു സമിതി അപേക്ഷകള്‍ തള്ളിയത്. കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ വിദഗ്ധ സമിതിയാണ് അപേക്ഷകള്‍ പരിഗണിച്ചത്. സിറം ഇന്‍സ്റ്റിറ്റിയൂട്ട്, ഫൈസര്‍, ഭാരത് ബയോടെക്് എന്നീ കമ്പനികളാണ് അപേക്ഷ നല്‍കിയിരുന്നത്. ഫൈസറിന്റെ അപേക്ഷ ഇന്നു പരിഗണിച്ചില്ലെന്നാണു സൂചന. ഇതു സാധാരണ നടപടിക്രമം മാത്രമാണെന്നും ഒന്നോ രണ്ടോ ആഴ്ചകള്‍ കൂടി നീണ്ടേക്കുമെന്നും സിറം ഇന്‍സ്റ്റിറ്റിയൂട്ട് പ്രതികരിച്ചു. 

തിങ്കളാഴ്ചയാണ് ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക്, തദ്ദേശീയമായി നിര്‍മിച്ച ആദ്യ വാക്‌സീന്റെ (കോവാക്‌സീന്‍) അംഗീകാരത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. കഴിഞ്ഞയാഴ്ച അമേരിക്കന്‍ കമ്പനിയായ ഫൈസറാണ് ആദ്യമായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് ആദ്യമായി അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ടും അപേക്ഷ നല്‍കി. 

ലോകത്തെ ഏറ്റവും വലിയ വാക്‌സീന്‍ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ട്, ഓക്‌സ്ഫഡ് സര്‍വകലാശാലയോടും ബ്രിട്ടീഷ് മരുന്നു നിര്‍മാതാക്കളായ ആസ്ട്രസെനക്കയോടും ചേര്‍ന്നാണ് 'കോവിഷീല്‍ഡ്' വാക്‌സീന്‍ വികസിപ്പിക്കുന്നത്. യുകെയിലും ബ്രസീലിലും നടത്തിയ പരീക്ഷണങ്ങളില്‍ വാക്‌സീന്‍ 90 ശതമാനത്തോളം ഫലപ്രദമാണെന്നു ആസ്ട്രസെനക്ക അവകാശപ്പെട്ടിരുന്നു്. 

ഫൈസറും ജര്‍മന്‍ കമ്പനിയായ ബയോണ്‍ടെക്കും വികസിപ്പിച്ച കോവിഡ് വാക്‌സീന്‍ വിതരണത്തിന് കഴിഞ്ഞയാഴ്ച ബ്രിട്ടന്‍ അനുമതി നല്‍കിയിരുന്നു. മുന്നാംഘട്ട പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രാപ്തിയാണ് കമ്പനി അവകാശപ്പെടുന്നത്. മൈനസ് 70 ഡിഗ്രി സെലിഷ്യസില്‍ സൂക്ഷിക്കണമെന്നാണ് ഫൈസര്‍ വാക്‌സീന്റെ ഏറ്റവും വലിയ വെല്ലുവളി. അതേസമയം ഭാരത് ബയോടെക്കിന്റെ കോവാക്‌സീന്റെ ഒറ്റഡോസ് സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്ജിന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതും വാര്‍ത്തയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com