പുതിയ പാര്‍ലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഒരു മണിക്ക് ഭൂമി പൂജ നടത്തിയാവും തറക്കല്ലിടുക
പുതിയ പാര്‍ലമെന്റ് മന്ദിരം; പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും


ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച ഒരു മണിക്ക് ഭൂമി പൂജ നടത്തിയാവും തറക്കല്ലിടുക. 971 കോടി രൂപ ചെലവിലാണ് പുതിയ പാർലമെന്റ് മന്ദിരം നിർമിക്കുന്നത്. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക.

പദ്ധതിയെ എതിർക്കുന്ന ഹർജികളിൽ തീർപ്പാകും വരെ നിർമാണ പ്രവർത്തനങ്ങൾ പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. എന്നാൽ, ശിലാസ്ഥാപനച്ചടങ്ങിനും കടലാസു ജോലികൾക്കും തടസ്സമില്ല. പ്രധാനമന്ത്രിക്കുപുറമേ ലോക്‌സഭാ സ്പീക്കർ ഓം ബിർളയും ചടങ്ങിൽ സംസാരിക്കും.

ചടങ്ങ് ബഹിഷ്‌കരിക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നെങ്കിലും നേതാക്കൾക്കിടയിലെ അഭിപ്രായഭിന്നത കാരണം പിൻവലിച്ചു. രാജ്യസഭയിലെ പ്രതിപക്ഷനേതാവ് ഗുലാംനബി ആസാദ് പങ്കെടുക്കുമെന്നാണറിയുന്നത്. 

പ്രാര്‍ഥന ചടങ്ങിന് ശേഷം ശേഷം രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെയും ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെയും സന്ദേശങ്ങള്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ ഹരിവംശ് നാരായണ്‍ സിംഗ് വായിക്കും.

പുതിയ മന്ദിരത്തില്‍ ലോക്‌സഭയില്‍ 888 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 384 അംഗങ്ങള്‍ക്കുമുള്ള ഇരിപ്പിടമൊരുക്കും. നിലവില്‍ ലോക്‌സഭയില്‍ 543 അംഗങ്ങളും രാജ്യസഭയില്‍ 245 അംഗങ്ങളുമാണുള്ളതെങ്കിലും ഭാവിയിലുണ്ടാകാന്‍ സാധ്യതയുള്ള വര്‍ധന കണക്കിലെടുത്താണിത്. 

ഇതോടൊപ്പം ലൈബ്രറി, വിവിധ സമിതികള്‍ക്കുള്ള മുറികള്‍ എന്നിവയും ക്രമീകരിക്കും. വായു, ശബ്ദ മലിനീകരണങ്ങള്‍ നിയന്ത്രിക്കാനും ഭൂകമ്പത്തെ ചെറുക്കാനും സംവിധാനമുണ്ടാകും. ബേസ്‌മെന്റിനു പുറമേ 2 നിലകളുള്ള പുതിയ മന്ദിരം നിലവിലെ പാര്‍ലമെന്റ് മന്ദിരത്തോട് ഏകദേശം സാമ്യമുള്ളതാണ്. ഉയരവും തുല്യമാണ്. 

സെന്‍ട്രല്‍ വിസ്ത പദ്ധതികള്‍ വേഗത്തിലാക്കുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ ദിവസം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തീരുമാനിച്ച പ്രകാരം പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ശിലാസ്ഥാപനം നടത്താം. പദ്ധതിക്ക് സ്‌റ്റേ നല്‍കിയിട്ടില്ല എന്നുകരുതി നിര്‍മ്മാണം നടത്താനാവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോടതി കാണിച്ച മര്യാദ കേന്ദ്രസര്‍ക്കാര്‍ തിരിച്ചും കാണിക്കണമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഒരുവിധത്തിലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും ആരംഭിക്കില്ലെന്ന് കോടതിക്ക് ഉറപ്പുനല്‍കി. തുടര്‍ന്ന് ശിലാസ്ഥാപനത്തിന് കോടതി അനുമതി നല്‍കുകയായിരുന്നു. പദ്ധതിക്കായി മരം മുറിക്കുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളെ കോടതി വിമര്‍ശിച്ചു. നേരത്തെ ഈ പദ്ധതികള്‍ സ്‌റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചിരുന്നു. എന്നാല്‍ സ്‌റ്റേ ചെയ്തില്ല എന്നതിന് അര്‍ത്ഥം നിര്‍മ്മാണ പ്രവര്‍ത്തനവമായി മുന്നോട്ടു പോകാമെന്നല്ലെന്നും കോടതി പറഞ്ഞു. 

സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാകുമെന്നാണു സര്‍ക്കാരിന്റെ പ്രതീക്ഷ. പുതിയ ഇന്ത്യയുടെ ആവശ്യങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും യോജിക്കുന്ന കെട്ടിടമാണ് ഇതെന്നും സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി ജനങ്ങളുടെ പാര്‍ലമെന്റ് പണിയാനുള്ള സുപ്രധാന അവസരമാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com