സോണിയ സജീവ രാഷ്ട്രീയം വിടുന്നു, ശരദ് പവാര്‍ യുപിഎ അധ്യക്ഷപദത്തിലേക്ക്?

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുന്നത്
സോണിയ ഗാന്ധിയും ശരദ് പവാറും/ഫയല്‍
സോണിയ ഗാന്ധിയും ശരദ് പവാറും/ഫയല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സജീവ രാഷ്ട്രീയത്തില്‍നിന്നു പിന്‍വാങ്ങുന്നു. സോണിയയ്ക്കു പകരം യുപിഎ അധ്യക്ഷ സ്ഥാനത്തേക്ക് എന്‍സിപി നേതാവ് ശരദ് പവാര്‍ എത്തുമെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടുന്ന സാഹചര്യത്തിലാണ് സോണിയ സജീവ രാഷ്ട്രീയത്തില്‍ നിന്നു പിന്‍വാങ്ങുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്കു പ്രചാരണത്തിന് ഇറങ്ങാന്‍ ആയിരുന്നില്ല. തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ പദം ഒഴിഞ്ഞതോടെ, കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദത്തെത്തുടര്‍ന്ന് ഇടക്കാല പ്രസിഡന്റ് ആയി സ്ഥാനമേല്‍ക്കുകയായിരുന്നു. എന്നാല്‍ പദവിയില്‍ തുടരാന്‍ ആരോഗ്യനില അവരെ അനുവദിക്കുന്നില്ലെന്നാണ് സൂചനകള്‍.

ഘടകകക്ഷികളിലെ സീനിയര്‍ നേതാവ് എന്നതും മറ്റു പാര്‍ട്ടി നേതാക്കളോടുള്ള അടുപ്പവുമാണ് യുപിഎ അധ്യക്ഷപദത്തിലേക്ക് പവാറിനെ എത്തിക്കുന്നതെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. യുപിഎയിലെ വലിയ ഘടകകക്ഷി എന്ന നിലയില്‍ കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണ് അധ്യക്ഷപദം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവാനും ബിജെപി വിരുദ്ധ മുന്നണിയെ നയിക്കാനും പവാറിനെപ്പോലൊരു നേതാവ് വേണമെന്നാണ് നേതൃത്വത്തിലെ വിലയിരുത്തല്‍. 

1991ല്‍ സോണിയയുടെ വിദേശ പൗരത്വ പ്രശ്‌നം ഉയര്‍ത്തിയാണ് പവാര്‍ കോണ്‍ഗ്രസ് വിട്ടത്. പിന്നീട് ഇരു നേതാക്കളും തമ്മില്‍ കാര്യമായി അടുപ്പം പുലര്‍ത്തിയിരുന്നില്ല. എന്നാല്‍ ബിജെപി ശക്തിപ്പെടുകയും കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാവുകയും ചെയ്ത സാഹചര്യത്തില്‍ പഴയ സംഭവങ്ങളുടെ പേരില്‍ ഭിന്നത വേണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്.

അതേസമയം യുപിഎയില്‍ നേതൃമാറ്റമുണ്ടാവുമെന്ന വാര്‍ത്തകള്‍ കോണ്‍ഗ്രസോ എന്‍സിപിയോ സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് എന്‍സിപി പ്രതികരിച്ചു. കര്‍ഷക പ്രക്ഷോഭത്തില്‍നിന്നു ശ്രദ്ധ തിരിക്കാനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com