മമതയും കേന്ദ്രവും തുറന്ന പോരിന് ; മൂന്ന് ഐപിഎസുകാരെ ആഭ്യന്തരമന്ത്രാലയം തിരികെ വിളിച്ചു ; കാരണം കാണിക്കാന്‍ ചീഫ് സെക്രട്ടറി പോകേണ്ടെന്ന് മുഖ്യമന്ത്രി

By സമകാലികമലയാളം ഡെസ്ക്  |   Published: 12th December 2020 04:20 PM  |  

Last Updated: 12th December 2020 04:29 PM  |   A+A-   |  

amit shah with mamata banerji

മമത ബാനര്‍ജി അമിത് ഷായ്‌ക്കൊപ്പം / ഫയല്‍ ചിത്രം

 


ന്യൂഡല്‍ഹി : ബിജെപി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ ഏറ്റുമുട്ടല്‍  രൂക്ഷമാകുന്നു. മൂന്ന് പശ്ചിമബംഗാള്‍ ഐപിഎസ് ഉദ്യോഗസ്ഥരെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരിച്ചു വിളിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റേതാണ് നടപടി. 

നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായത് സുരക്ഷാ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില തകരാറിലായിട്ട് നാളുകളായെന്നും ഗവര്‍ണര്‍ ആരോപിച്ചിരുന്നു. 

ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യായ, ഡിജിപി വീരേന്ദ്ര എന്നിവരോട് ഈ മാസം 14 ന് ഡല്‍ഹിയില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രത്തിന്റെ നിര്‍ദേശം തള്ളിയ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഉദ്യോഗസ്ഥരോട് സംസ്ഥാനത്തു തന്നെ ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

അതേസമയം സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി പരോക്ഷമായി ബംഗാളില്‍ അടിയന്തരാവസ്ഥ അടിച്ചേല്‍പ്പിക്കാനാണ് അമിത് ഷാ ശ്രമിക്കുന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ആരോപിച്ചു. നഡ്ഡയ്ക്ക് നേരെ ആക്രമണം ഉണ്ടായ പ്രദേശത്ത് വിന്യസിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥരെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തിരികെ വിളിച്ചത്. 

മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരെ തിരികെ വിടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല സംസ്ഥാനത്തിന് കത്തു നല്‍കിയിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും കല്യാണ്‍ ബാനര്‍ജി ആരോപിച്ചു.

ഡിസംബര്‍ 10 ന് മമതയുടെ അനന്തരവന്‍ അഭിഷേക് ബാനര്‍ജിയുടെ മണ്ഡലമായ ഡയമണ്ട് ഹാര്‍ബറില്‍ വെച്ചാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേര്‍ക്ക് ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തില്‍ ബിജെപി നേതാക്കളായ കൈലാഷ് വിജയവര്‍ഗീയ, മുകുള്‍ റോയി എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസാണ് അക്രമത്തിന് പിന്നിലെന്ന് ബിജെപി ആരോപിക്കുന്നു.