കുടുംബാസൂത്രണത്തിന് നിർബന്ധിക്കാനാവില്ല, കുട്ടികളുടെ എണ്ണത്തിൽ നിയന്ത്രണം വച്ചാൽ വിപരീതഫലമുണ്ടാകും; കേന്ദ്രസർക്കാർ

ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: ജനസംഖ്യാവർധന തടയുന്നതിനായി ദമ്പതിമാരെ കുടുംബാസൂത്രണത്തിനു നിർബന്ധിക്കില്ലെന്ന് കേന്ദ്രസർക്കാർ.  കുടുംബാസൂത്രണത്തിനും നിശ്ചിതഎണ്ണം കുട്ടികളെ ജനിപ്പിക്കാനും ജനങ്ങളെ നിർബന്ധിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുകയെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ സത്യവാങ്മൂലം സമർപ്പിച്ചത്. 

2001-2011 കാലത്തെ ഇന്ത്യയിലെ ജനനനിരക്ക് കഴിഞ്ഞ 100 വർഷത്തിനിടെയുള്ള ഏറ്റവുംകുറഞ്ഞ നിരക്കാണ്. ഇന്ത്യയിലെ കുടുംബാസൂത്രണ പരിപാടി സ്വമേധയാ ഉള്ളതാണ്. ദമ്പതിമാർക്ക് ഏറ്റവും അനുയോജ്യമായ കുടുംബാസൂത്രണരീതി ഇഷ്ടപ്രകാരം, നിർബന്ധമില്ലാതെ സ്വീകരിക്കാനാവുന്നതുമാണെന്നും കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. 

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനികുമാർ ഉപാധ്യായ ആണ് ജനസംഖ്യാനിയന്ത്രണ നിയമം ‌കൊണ്ടുവരണം എന്നാവശ്യപ്പെട്ട് ഹർജി നൽകിയത്. ജനസംഖ്യാ വിസ്ഫോടനം തടയാൻ രണ്ടു കുട്ടികൾ എന്ന നയം ഉൾപ്പെടെയുള്ള രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഡൽഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് അശ്വിനികുമാർ സുപ്രീം കോടതിയെ സമീപിച്ചത്.

കുടുംബാസൂത്രണത്തിലെ ബലപ്രയോഗം എതിർക്കുന്ന 1994-ലെ ഇന്റർനാഷണൽ കോൺഫറൻസ് ഓൺ പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ കർമ പരിപാടിയിൽ ഇന്ത്യ ഒപ്പുവെച്ചതായും മന്ത്രാലയം ചൂണ്ടിക്കാട്ടി. നിശ്ചിത എണ്ണം കുട്ടികൾമാത്രം ഉണ്ടാകാനുള്ള നിർബന്ധം വിപരീതഫലമാണുണ്ടാക്കുന്നതെന്ന് അന്താരാഷ്ട്ര അനുഭവത്തിൽനിന്നു വ്യക്തമാണെന്നും മന്ത്രാലയം വിശദീകരിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com