ട്രെയിനില്‍ അദാനിയുടെ പേര്, വീഡിയോ പങ്കുവെച്ച് പ്രിയങ്ക ഗാന്ധി;  വിശദീകരണവുമായി സര്‍ക്കാര്‍

അടുത്തിടെയാണ് വ്യവസായി അദാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തി വീഡിയോ സഹിതം പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്
ട്രെയിനില്‍ അദാനിയുടെ പേര്‌/ ഫെയ്‌സ്ബുക്ക് ചിത്രം
ട്രെയിനില്‍ അദാനിയുടെ പേര്‌/ ഫെയ്‌സ്ബുക്ക് ചിത്രം

ന്യൂഡല്‍ഹി: ഭാവിയില്‍ മോദി സര്‍ക്കാര്‍ റെയില്‍വേയെ അദാനിക്ക് പൂര്‍ണമായി തീറെഴുതുമെന്ന ആരോപണത്തിന് അടിസ്ഥാനമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പങ്കുവെച്ച വീഡിയോയില്‍ വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, എന്‍ജിനില്‍ അദാനി എന്ന പേര് നല്‍കിയത് വാണിജ്യ പരസ്യങ്ങളുടെ ഭാഗമാണെന്നും വിശദീകരിച്ചു. റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് അദാനി വില്‍മര്‍ എന്ന ബ്രാന്‍ഡ് നെയിം നല്‍കിയതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു.

അടുത്തിടെയാണ് വ്യവസായി അദാനിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബന്ധപ്പെടുത്തി വീഡിയോ സഹിതം പ്രിയങ്ക ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. 'അദാനി വില്‍മര്‍ എന്ന ബ്രാന്‍ഡ് നെയിം ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനില്‍ പതിപ്പിച്ചിരിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മോദിയെ പ്രിയങ്ക വിമര്‍ശിച്ചത്. ലക്ഷകണക്കിന് ജനങ്ങളുടെ അധ്വാനഫലമായി പടുത്തുയര്‍ത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ റെയില്‍വേ. ബിജെപി സര്‍ക്കാര്‍ ശതകോടീശ്വരനായ അദാനിയുടെ പേര് അതില്‍ പതിപ്പിച്ചിരിക്കുന്നു. നാളെ ഇതിന്റെ ഭൂരിഭാഗവും മോദിയുടെ സുഹൃത്തിന്റെ കൈകളില്‍ എത്താം. മോദിയുടെ സുഹൃത്തിന്റെ കൈകളിലേക്ക് കൃഷി എത്താതിരിക്കാനാണ് കര്‍ഷകര്‍ പോരാടുന്നത്'- പ്രിയങ്കവാദ്രയുടെ ഈ വാക്കുകള്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തുവന്നത്.

എന്‍ജിനില്‍ അദാനി എന്ന പേര് നല്‍കിയത് വാണിജ്യ പരസ്യങ്ങളുടെ ഭാഗ്യമാണെന്നും പ്രചാരണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പിഐബി ഫാക്ട് ചെക്ക് വിശദീകരിക്കുന്നു.റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്നും സര്‍ക്കാരിന്റെ വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സ്വകാര്യ കമ്പനിയുടെ പേര് കേന്ദ്രസര്‍ക്കാര്‍ ട്രെയിനില്‍ പതിപ്പിച്ചു എന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിശദീകരണത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com