ഹാഥ്‌രസിലേത് കൂട്ട ബലാത്സംഗം; യുപി പൊലീസിനെ തള്ളി സിബിഐ കുറ്റപത്രം

ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു
ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍
ഹാഥ്‌രസിലെ പെണ്‍കുട്ടിയുടെ മൃതദേഹം രാത്രി സംസ്‌കരിക്കുന്നു/ഫയല്‍

ലക്‌നൗ: രാജ്യത്തെ ഞെട്ടിച്ച ഹാഥ്‌രസ് കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഇരുപതുകാരിയായ ദലിത് പെണ്‍കുട്ടിയെ നാലു പ്രതികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂട്ടബലാത്സംഗം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഹാഥ്‌രസിലെ കോടതിയില്‍ ഇന്ന് ഉച്ചയോടെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു, മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ച് യുപി പൊലീസ് അവകാശപ്പെട്ടത്.

സെപ്റ്റംബര്‍ 14നാണ് ഹാഥ്‌രസില്‍ പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായത്. അവശനിലയില്‍ വയലില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആദ്യം അലിഗഢിലെ ആശുപത്രിയിലും പിന്നീട് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 30ന് മരണത്തിനു കീഴടങ്ങിയ പെണ്‍കുട്ടിയുടെ മൃതദേഹം അര്‍ധരാത്രി രഹസ്യമായി സംസ്‌കരിച്ചത് വിവാദമായിരുന്നു. പ്രതിഷേധം ഭയന്നായിരുന്നു ഇതെന്നാണ് യുപി പൊലീസ് പറഞ്ഞത്. 

പ്രതിഷേധം ശക്തമായതോടെ യുപി സര്‍ക്കാര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തത്. അന്വേഷണ അലഹാബാദ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com