ആദ്യഘട്ടത്തില്‍ 30 കോടി പേര്‍ക്ക് ; വാക്‌സിനേഷന് കേന്ദ്രം ചെലവഴിക്കുക പതിനായിരം കോടി

മൂന്നു വാക്‌സിനുകളാണ് അടിയന്തര ഉപയോഗത്തിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത്
കോവിഡ് വാക്‌സിന്‍ വിതരണം / ഫയല്‍ ചിത്രം
കോവിഡ് വാക്‌സിന്‍ വിതരണം / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിച്ചാല്‍ ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക 30 കോടി പേര്‍ക്ക്. ഇതിനായി കേന്ദ്ര ധനമന്ത്രാലയം പതിനായിരം കോടി രൂപയാണ് ചെലവഴിക്കുക. പ്രാരംഭ പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് നാഷണല്‍ എക്‌സ്‌പെര്‍ട്ട് ഗ്രൂപ്പ് ഓഫ് വാക്‌സിന്‍( എന്‍ഇജിവിഎസി). 

ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാര മെഡിക്കല്‍ സ്റ്റാഫ് എന്നിങ്ങനെ ഒരു കോടി ആരോഗ്യപ്രവര്‍ത്തകരാണ് ആദ്യഘട്ട മുന്‍ഗണനാ ലിസ്റ്റില്‍ ഇടംപിടിക്കുക.  രണ്ടു കോടി അവശ്യ സേവന വിഭാഗക്കാര്‍, 27 കോടി പ്രായമേറിയവര്‍, പ്രമേഹം, ഹൃദയ, കരള്‍ രോഗമുള്ളവര്‍ തുടങ്ങിയവരെ ആദ്യഘട്ടത്തില്‍ വാക്‌സിനേഷനായി പരിഗണിക്കും. 

മൂന്നു വാക്‌സിനുകളാണ് അടിയന്തര ഉപയോഗത്തിന് അനുമതിക്കായി അപേക്ഷിച്ചിട്ടുള്ളത്. ഫൈസര്‍, ഭാരത് ബയോടെകും സെറം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നുള്ള വാക്‌സിന്‍ എന്നിവരാണ് മുന്തിയ പരിഗണനയിലുള്ളത്. ഓക്‌സ്ഫഡും ആസ്ട്ര സെനക്കയും സെറം ഇന്‍സ്റ്റിറ്റിയൂട്ടും സംയുക്തമായി തയ്യാറാക്കുന്ന കോവിഷീല്‍ഡ് ആകും ആദ്യഘട്ട ഉപയോഗത്തിന് അനുമതി നല്‍കുകയെന്നാണ് സൂചന. 

കോവിഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 250 രൂപയാകും വിലയെന്നാണ് റിപ്പോര്‍ട്ട്. 30 കോടി പേര്‍ക്ക് കുത്തിവെപ്പിനായി 600 ദശലക്ഷം ഡോസ് വാക്‌സിനാണ് വേണ്ടത്. 2021 മാര്‍ച്ച് വരെ 500 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ സംഭരിക്കുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് വ്യക്തമാക്കിയിരുന്നു. കേരളം, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com