പശുക്കളുടെ ദുരിതം ചൂണ്ടിക്കാണിച്ച് യുപി മുഖ്യമന്ത്രിക്ക്‌ പ്രിയങ്ക ഗാന്ധിയുടെ കത്ത്; ഗോമാതാവിനെ സംരക്ഷിക്കാന്‍ ഉപദേശം

ഗോമാതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം
പ്രിയങ്ക ഗാന്ധി/ഫയല്‍ഫോട്ടോ
പ്രിയങ്ക ഗാന്ധി/ഫയല്‍ഫോട്ടോ


ന്യൂഡൽഹി: ​ഗോമാതാവിനെ സംരക്ഷിക്കാൻ ഉത്തർപ്രദേശ് സർക്കാരിനോട് കോൺ​ഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഉത്തർപ്രദേശിലെ പശുക്കളുടെ ദുരിതം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രിയങ്ക കത്തയച്ചു. 

ഗോമാതാവിനെ സംരക്ഷിക്കാൻ കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഢ് സർക്കാരിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളാനാണ് പ്രിയങ്കയുടെ ഉപദേശം. സോജ്‌നയിൽ ചത്ത പശുക്കളുടെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രിയങ്കയുടെ വിമർശനം.

വാഗ്ദാനങ്ങളെല്ലാം കടലാസിൽ മാത്രമാണ്. കാലികളുടെ മരണകാരണം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും പട്ടിണിയാണെന്ന് ചിത്രങ്ങളിൽ വ്യക്തമാണ്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും നടപടികളൊന്നും ഉണ്ടാവുന്നില്ല. അഴിമതിക്കാരായ ഉദ്യോഗസ്ഥരും ഗോശാല നടത്തിപ്പുകാരും തമ്മിൽ ബന്ധമുണ്ടെന്നും പ്രിയങ്ക ആരോപിച്ചു.

പശുസംരക്ഷണത്തെ മഹാത്മാഗാന്ധിയുടെ വരികളിലൂടെ യോഗി ആദിത്യനാഥിനെ പ്രിയങ്ക ഓർമിപ്പിച്ചു. പശു സംരക്ഷണമെന്നാൽ നിസ്സഹായരും ദുർബലരുമായ എല്ലാ ജീവികളുടെയും സംരക്ഷണമാണെന്ന് ഗാന്ധിജി വിശ്വസിച്ചതായും പ്രിയങ്ക പറഞ്ഞു.

കാലികളെ പരിപാലിക്കുന്നതിനൊപ്പം അവയിൽനിന്ന് വരുമാനമുണ്ടാക്കുകയും പരിസ്ഥിതി സംരക്ഷണത്തിന് സഹായിക്കുകയും ചെയ്യുന്ന ‘ഗോദാൻ ന്യയ് യോജന’ ഛത്തീസ്ഗഢിലെ കോൺഗ്രസ് സർക്കാർ തുടങ്ങിയിട്ടുണ്ട്. അവിടെ പ്രതിമാസം 15 കോടി രൂപ വിലവരുന്ന ചാണകം വാങ്ങി കമ്പോസ്റ്റ് ഉണ്ടാക്കി സർക്കാർ ഏജൻസികൾ വഴി സബ്‌സിഡി നിരക്കിൽ വിൽക്കുന്നു. ഇത് പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകൾക്ക് വരുമാനമുണ്ടാക്കിയതായും പ്രിയങ്ക കത്തിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com