രാജ്യത്ത് കുട്ടികള്‍ക്ക് തത്കാലം കോവിഡ് വാക്‌സിന്‍ എടുക്കില്ല; ആദ്യം മുന്‍ഗണനാ വിഭാഗങ്ങള്‍ക്കെന്ന് സര്‍ക്കാര്‍

നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ് അംഗം ഡോ എം കെ പോൾ പറഞ്ഞു
നീതി ആയോഗ് അംഗം ഡോ എം കെ പോൾ /ഫോട്ടോ: എഎന്‍ഐ, ട്വിറ്റര്‍
നീതി ആയോഗ് അംഗം ഡോ എം കെ പോൾ /ഫോട്ടോ: എഎന്‍ഐ, ട്വിറ്റര്‍


ന്യൂഡൽഹി: രാജ്യത്തെ നിലവിലെ കോവിഡ് വ്യാപന സാഹചര്യത്തിൽ കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടതില്ലെന്ന് കേന്ദ്ര സർക്കാരിനോട് അടുത്ത വൃത്തങ്ങൾ. നിലവിലെ സ്ഥിതിയനുസരിച്ചും, ലഭ്യമായ തെളിവുകളനുസരിച്ച് കുട്ടികൾക്ക് വാക്‌സിനേഷൻ നൽകേണ്ടതിന്റെ ആവശ്യമില്ല നീതി ആയോഗ് അംഗം ഡോ എം കെ പോൾ പറഞ്ഞു. 

ബ്രിട്ടനിലെ കോവിഡ് വൈറസിന്റെ വകഭേദവുമായി ബന്ധപ്പെട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിട്ടനിൽ കണ്ടെത്തിയ വകഭേദം സംഭവിച്ച കോവിഡ് വൈറസിന്റെ സാന്നിധ്യം ഇന്ത്യയിൽ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ ശ്രേണിയിലെ വൈറസ് ഇന്ത്യയിൽ നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന വാക്സിനുകളെ ബാധിക്കില്ല. വൈറസിനുണ്ടായ ഈ ജനിതക വ്യതിയാനം മാരകമല്ലെന്നും രോഗത്തിന്റെ കാഠിന്യം കൂട്ടുകയില്ലെന്നും അദ്ദേഹം അറിയിച്ചു.

വാക്‌സിൻ വിതരണം ഉടൻ ആരംഭിക്കുമെന്ന സൂചനകൾക്ക് ശക്തിപകർന്ന് ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം ആരംഭിച്ചു. വാക്‌സിൻ എങ്ങനെ ജനങ്ങൾക്ക് നൽകണമെന്നതിനെ കുറിച്ച് 3500 ആരോഗ്യപ്രവർത്തകർക്കാണ് വിദഗ്ധ പരിശീലനം നൽകി വരുന്നത്. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട മറ്റ് മുന്നൊരുക്കങ്ങളും അതിവേഗമാണ് പുരോഗമിക്കുന്നത്.

വാക്‌സിൻ സൂക്ഷിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനമുള്ള 609 സ്ഥലങ്ങൾ ഡൽഹി സർക്കാർ കണ്ടെത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ വാക്‌സിനേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ആരോഗ്യപ്രവർത്തകരെ പങ്കെടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. രാജീവ് ഗാന്ധി സ്‌പെഷ്യാലിറ്റി ആശുപത്രി, ലോക്‌നായക് ആശുപത്രി, കസ്തൂർബ ആശുപത്രി, അംബേദ്ക്കർ ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് വാക്‌സിൻ സൂക്ഷിക്കുന്നതിനായി കണ്ടെത്തിയിരിക്കുന്നത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com